പഴയ നിയമംMOV

യെഹെസ്കേൽ 12

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്‍റെ നടുവിൽ പാര്‍ക്കുന്നു; കാണ്‍മാന്‍ കണ്ണുണ്ടെങ്കിലും അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.

3ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പ് ഒരുക്കി പകൽസമയത്ത് അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്‍റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.

4യാത്രക്കോപ്പുപോലെ നിന്‍റെ സാമാനം നീ പകൽസമയത്ത് അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവര്‍ കാണ്‍കെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

5അവര്‍ കാണ്‍കെ നീ മതിൽ കുത്തിത്തുരന്ന് അതിൽക്കൂടി അതു പുറത്തു കൊണ്ടുപോകേണം.

6അവര്‍ കാണ്‍കെ നീ അതു തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്‍റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.

7എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്‍റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്‍റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവര്‍ കാണ്‍കെ തോളിൽ ചുമന്നു.

8എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

9മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: നീഎന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?

10ഈ അരുളപ്പാട് യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളത് എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

11ഞാന്‍ നിങ്ങള്‍ക്ക് ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കു ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.

12അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന് അവര്‍ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍ മുഖം മൂടും.

13ഞാന്‍ എന്‍റെ വല അവന്‍റെമേൽ വീശും; അവന്‍ എന്‍റെ കെണിയിൽ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവച്ചു മരിക്കും.

14അവന്‍റെ ചുറ്റുമുള്ള സഹായക്കാരെയൊക്കെയും അവന്‍റെ പടക്കൂട്ടങ്ങളെയൊക്കെയും ഞാന്‍ നാലു ദിക്കിലേക്കും ചിതറിച്ചുകളയും; അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

15ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

16എന്നാൽ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാന്‍ അവരിൽ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

18മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടും കൂടെ വെള്ളം കുടിക്കയും ചെയ്ക.

19ദേശത്തിലെ ജനത്തോടു നീ പറയേണ്ടത്: യെരൂശലേംനിവാസികളെയും യിസ്രായേൽദേശത്തെയും കുറിച്ച് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകല നിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടുകൂടെ ശൂന്യമായി പോകുന്നതുകൊണ്ട് അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.

20ജനപുഷ്‍ടിയുള്ള പട്ടണങ്ങള്‍ ശൂന്യവും ദേശം നിര്‍ജനവും ആയിത്തീരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

21യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

22മനുഷ്യപുത്രാ, കാലം നീണ്ടു പോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്ന് നിങ്ങള്‍ക്കു യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്?

23അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ പഴഞ്ചൊല്ല് നിര്‍ത്തലാക്കും; അവര്‍ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്‍റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്ന് അവരോടു പ്രസ്താവിക്ക.

24യിസ്രായേൽഗൃഹത്തിൽ ഇനി മിഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

25യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നെ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

26യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

27മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം: ഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.

28അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.