പഴയ നിയമംMOV

യെഹെസ്കേൽ 11

1അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കേ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്‍റെ പ്രവേശനത്തിങ്കൽ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്‍റെ പ്രഭുക്കന്മാരായ അസ്സൂരിന്‍റെ മകന്‍ യയസന്യാവെയും ബെനായാവിന്‍റെ മകന്‍ പെലത്യാവെയും കണ്ടു.

2അവന്‍ എന്നോട്: മനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

3വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്ന് അവര്‍ പറയുന്നു.

4അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.

5അപ്പോള്‍ യഹോവയുടെ ആത്മാവ് എന്‍റെമേൽ വീണ് എന്നോടു കല്പിച്ചത്: നീ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.

6നിങ്ങള്‍ ഈ നഗരത്തിൽ നിഹതന്മാരെ വര്‍ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.

7അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ നഗരത്തിന്‍റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാന്‍ അതിന്‍റെ നടുവിൽനിന്നു പുറപ്പെടുവിക്കും.

8നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാന്‍ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

9ഞാന്‍ നിങ്ങളെ അതിന്‍റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കൈയിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.

10നിങ്ങള്‍ വാളാൽ വീഴും; യിസ്രായേലിന്‍റെ അതിരിങ്കൽ വച്ച് ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

11ഈനഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിനകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്‍റെ അതിരിങ്കൽവച്ചു തന്നെ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.

12എന്‍റെ ചട്ടങ്ങളിൽ നടക്കയോ എന്‍റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്ന് അറിയും.

13ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ബെനായാവിന്‍റെ മകനായ പെലത്യാവു മരിച്ചു: അപ്പോള്‍ ഞാന്‍ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചുകളയുമോ എന്നു പറഞ്ഞു.

14യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

15മനുഷ്യപുത്രാ, യഹോവയോട് അകന്നുനില്പിന്‍! ഞങ്ങള്‍ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത് എന്നല്ലോ യെരൂശലേംനിവാസികള്‍, നിന്‍റെ ചാര്‍ച്ചക്കാരായ നിന്‍റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നത്.

16അതുകൊണ്ടു നീ പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാന്‍ അവര്‍ക്കു കുറയകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും.

17ആകയാൽ നീ പറയേണ്ടത്; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ച്, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേര്‍ത്ത് യിസ്രായേൽദേശം നിങ്ങള്‍ക്കു തരും.

18അവര്‍ അവിടെവന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.

19അവര്‍ എന്‍റെ ചട്ടങ്ങളിൽ നടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാന്‍ അവര്‍ക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കു കൊടുക്കും.

20അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.

21എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്ക് ഞാന്‍ അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

22അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേര്‍ന്നുതന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വവും മേലെ, അവയ്ക്കുമീതെ ഉണ്ടായിരുന്നു.

23യഹോവയുടെ മഹത്ത്വം നഗരത്തിന്‍റെ നടുവിൽനിന്നു മേലോട്ടു പൊങ്ങി നഗരത്തിനു കിഴക്കുവശത്തുള്ള പര്‍വതത്തിന്മേൽ നിന്നു.

24എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദര്‍ശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.

25ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്‍റെ സകല വചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.