പഴയ നിയമംMOV

പുറപ്പാട് 5

1അതിന്‍റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

2അതിനു ഫറവോന്‍: യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്ക് കേള്‍ക്കേണ്ടതിന് അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു.

3അതിന് അവര്‍: എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

4മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിന്‍ എന്നു പറഞ്ഞു.

5ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.

6അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ:

7ഇഷ്ടക ഉണ്ടാക്കുവാന്‍ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവര്‍ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ.

8എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നു: ഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്.

9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതിൽ കഷ്ടപ്പെടട്ടെ; അവര്‍ വ്യാജവാക്കുകള്‍ കേള്‍ക്കരുത്.

10അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോട്: നിങ്ങള്‍ക്കു വയ്ക്കോൽ തരികയില്ല;

11നിങ്ങള്‍തന്നെ പോയി കിട്ടുന്നേടത്തുനിന്നു വയ്ക്കോൽ ശേഖരിപ്പിന്‍; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.

12അങ്ങനെ ജനം വയ്ക്കോലിനു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്ത് എല്ലാടവും ചിതറി നടന്നു.

13ഊഴിയവിചാരകന്മാര്‍ അവരെ ഹേമിച്ചു: വയ്ക്കോൽ കിട്ടിവന്നപ്പോള്‍ ഉള്ളതിനു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികക്കേണം എന്നു പറഞ്ഞു.

14ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേൽമക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടക തികയ്ക്കാഞ്ഞതെന്ത് എന്നു ചോദിച്ചു.

15അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?

16അടിയങ്ങള്‍ക്കു വയ്ക്കോൽ തരാതെ ഇഷ്ടക ഉണ്ടാക്കുവിന്‍ എന്ന് അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിനു പാപമാകുന്നു എന്നു പറഞ്ഞു.

17അതിന് അവന്‍: മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ട്: ഞങ്ങള്‍ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.

18പോയി വേല ചെയ്‍വിന്‍; വയ്ക്കോൽ തരികയില്ല, ഇഷ്ടക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.

19ദിവസംതോറുമുള്ള ഇഷ്ടകക്കണക്കിൽ ഒന്നും കുറയ്ക്കരുത് എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികള്‍ കണ്ടു.

20അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,

21അവരോട്: നിങ്ങള്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കൈയിൽ വാള്‍ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

22അപ്പോള്‍ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കര്‍ത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?

23ഞാന്‍ നിന്‍റെ നാമത്തിൽ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കൽ ചെന്നതുമുതൽ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.