പഴയ നിയമംMOV

പുറപ്പാട് 24

1അവന്‍ പിന്നെയും മോശെയോട്: നീ യും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിന്‍.

2മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു.

3എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

4മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പര്‍വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.

5പിന്നെ അവന്‍ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.

6മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.

7അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്ന് അവര്‍ പറഞ്ഞു.

8അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു.

9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.

10അവര്‍ യിസ്രായേലിന്‍റെ ദൈവത്തെ കണ്ടു; അവന്‍റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്‍റെ സ്വച്ഛതപോലെയും ആയിരുന്നു.

11യിസ്രായേൽമക്കളുടെ പ്രമാണികള്‍ക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.

12പിന്നെ യഹോവ മോശെയോട്: നീ എന്‍റെ അടുക്കൽ പര്‍വതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു.

13അങ്ങനെ മോശെയും അവന്‍റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്‍റെ പര്‍വതത്തിൽ കയറി.

14അവന്‍ മൂപ്പന്മാരോട്: ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവന്‍ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.

15അങ്ങനെ മോശെ പര്‍വതത്തിൽ കയറിപ്പോയി; ഒരു മേഘം പര്‍വതത്തെ മൂടി.

16യഹോവയുടെ തേജസ്സും സീനായിപര്‍വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്‍റെ നടുവിൽനിന്നു മോശെയെ വിളിച്ചു.

17യഹോവയുടെ തേജസ്സിന്‍റെ കാഴ്ച പര്‍വതത്തിന്‍റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കള്‍ക്കു തോന്നി.

18മോശെയോ മേഘത്തിന്‍റെ നടുവിൽ പര്‍വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പര്‍വതത്തിൽ ആയിരുന്നു.