പഴയ നിയമംMOV

പുറപ്പാട് 22

1ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്‍ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവന്‍ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം.

2കള്ളന്‍ വീട് മുറിക്കുമ്പോള്‍ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല.

3എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവന്‍ എങ്കിൽ തന്‍റെ മോഷണം നിമിത്തം അവനെ വില്ക്കേണം.

4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്‍റെ കൈവശം കണ്ടുപിടിച്ചാൽ അവന്‍ ഇരട്ടി പകരം കൊടുക്കേണം.

5ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്‍റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവന്‍ തന്‍റെ വയലിലുള്ളതിൽ ഉത്തമമായതും തന്‍റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.

6തീ വീണു കാടു കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവന്‍ പകരം കൊടുക്കേണം.

7ഒരുത്തന്‍ കൂട്ടുകാരന്‍റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അത് അവന്‍റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവന്‍ ഇരട്ടി പകരം കൊടുക്കേണം.

8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരന്‍ കൂട്ടുകാരന്‍റെ വസ്തുവിന്മേൽ കൈ വച്ചിട്ടുണ്ടോ എന്ന് അറിവാന്‍ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം.

9കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധി യിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം.

10ഒരുത്തന്‍ കൂട്ടുകാരന്‍റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിനു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവു പോകയോ ചെയ്താൽ

11കൂട്ടുകാരന്‍റെ വസ്തുവിന്മേൽ അവന്‍ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.

12എന്നാൽ അത് അവന്‍റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവന്‍ അതിന്‍റെ ഉടമസ്ഥനു പകരം കൊടുക്കേണം.

13അതു കടിച്ചു കീറിപ്പോയെങ്കിൽ അവന്‍ അതിനു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവന്‍ പകരം കൊടുക്കേണ്ടാ.

14ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവന്‍ പകരം കൊടുക്കേണം.

15ഉടമസ്ഥന്‍ അരികെ ഉണ്ടായിരുന്നാൽ അവന്‍ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിനു കൂലിയുണ്ടല്ലോ.

16വിവാഹത്തിനു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവന്‍ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം.

17അവളെ അവനു കൊടുപ്പാന്‍ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം.

18ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.

19മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.

20യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.

21പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.

22വിധവയെയും അനാഥനെയും നിങ്ങള്‍ ക്ലേശിപ്പിക്കരുത്.

23അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവര്‍ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും;

24എന്‍റെ കോപവും ജ്വലിക്കും; ഞാന്‍ വാള്‍കൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകള്‍ വിധവമാരും നിങ്ങളുടെ പൈതങ്ങള്‍ അനാഥരുമായിത്തീരും.

25എന്‍റെ ജനത്തിൽ നിന്‍റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്.

26നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യന്‍ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്‍റെ പുതപ്പ്;

27അതു മാത്രമല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവന്‍ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവന്‍ എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപയുള്ളവനല്ലോ.

28നീ ദൈവത്തെ ദുഷിക്കരുത്; നിന്‍റെ ജനത്തിന്‍റെ അധിപതിയെ ശപിക്കയുമരുത്.

29നിന്‍റെ വിളവും ദ്രാവകവര്‍ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുത്; നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.

30നിന്‍റെ കാളകളിലും ആടുകളിലും അങ്ങനെതന്നെ; അത് ഏഴു ദിവസം തള്ളയോടുകൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.

31നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്ക് ഇട്ടുകളയേണം.