പഴയ നിയമംMOV

പുറപ്പാട് 11

1അനന്തരം യഹോവ മോശെയോട്: ഞാന്‍ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്‍റെശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോള്‍ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെനിന്ന് ഓടിച്ചുകളയും.

2ഓരോ പുരുഷന്‍ താന്താന്‍റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്‍റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.

3യഹോവ മിസ്രയീമ്യര്‍ക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്‍റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അര്‍ധരാത്രിയിൽ ഞാന്‍ മിസ്രയീമിന്‍റെ നടുവിൽകൂടി പോകും.

5അപ്പോള്‍ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്‍റെ ആദ്യജാതന്‍മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂലൊക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും.

6മിസ്രയീംദേശത്ത് എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.

7എന്നാൽ യഹോവ മിസ്രയീമ്യര്‍ക്കും യിസ്രായേല്യര്‍ക്കും മധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്‍റെയോ മൃഗത്തിന്‍റെയോ നേരേ ഒരു നായി പോലും നാവ് അനക്കുകയില്ല.

8അപ്പോള്‍ നിന്‍റെ ഈ സകല ഭൃത്യന്മാരും എന്‍റെ അടുക്കൽ വന്ന്: നീയും നിന്‍റെ കീഴിൽ ഇരിക്കുന്ന സര്‍വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാന്‍ പുറപ്പെടും. അങ്ങനെ അവന്‍ ഉഗ്രകോപത്തോടെ ഫറവോന്‍റെ അടുക്കൽനിന്നു പുറപ്പെട്ടുപോയി.

9യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്‍റെ അദ്ഭുതങ്ങള്‍ പെരുകേണ്ടതിനു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.

10മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്‍റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.