പഴയ നിയമംMOV

എസ്ഥേര്‍ 4

1സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്‍റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.

2അവന്‍ രാജാവിന്‍റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആര്‍ക്കും രാജാവിന്‍റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു.

3രാജാവിന്‍റെ കല്പനയും തീര്‍പ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.

4എസ്ഥേറിന്‍റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്ന് അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവനു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവന്‍ വാങ്ങിയില്ല.

5അപ്പോള്‍ എസ്ഥേര്‍ തന്‍റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്‍റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊര്‍ദ്ദെഖായിയുടെ അടുക്കൽ പോയിവരുവാന്‍ അവനു കല്പന കൊടുത്തു.

6അങ്ങനെ ഹഥാക്ക് രാജാവിന്‍റെ പടിവാതിലിനു മുമ്പിൽ പട്ടണത്തിന്‍റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കൽ ചെന്നു.

7മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു.

8അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്‍റെ പകര്‍പ്പ് അവന്‍ അവന്‍റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയിൽ ചെന്ന് തന്‍റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു.

9അങ്ങനെ ഹഥാക്ക് ചെന്ന് മൊര്‍ദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.

10എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് ചെന്നു പറവാന്‍ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ:

11യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്‍റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊന്‍ചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്‍റെ സകല ഭൃത്യന്മാരും രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്‍റെ അടുക്കൽ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.

12അവര്‍ എസ്ഥേറിന്‍റെ വാക്ക് മൊര്‍ദ്ദെഖായിയോട് അറിയിച്ചു.

13മൊര്‍ദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാന്‍ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.

14നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആര്‍ക്ക് അറിയാം?

15അതിന് എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് മറുപടി പറവാന്‍ കല്പിച്ചത്:

16നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിന്‍; ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.

17അങ്ങനെ മൊര്‍ദ്ദെഖായി ചെന്ന് എസ്ഥേര്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.