പുതിയ നിയമംMOV
1മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അതു ന്യായമല്ലോ.
2“നിനക്കു നന്മ ഉണ്ടാകുവാനും നീഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും
3നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്‍റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍.
5ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെതന്നെ ഹൃദയത്തിന്‍റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടുംകൂടെ അനുസരിപ്പിന്‍.
6മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാല്‍ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
7മനുഷ്യരെയല്ല കര്‍ത്താവിനെത്തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിന്‍.
8ദാസനോ സ്വതന്ത്രനോ ഓരോരുത്തന്‍ ചെയ്യുന്ന നന്മയ്ക്കു കര്‍ത്താവില്‍നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
9യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന്‍ സ്വര്‍ഗത്തില്‍ ഉണ്ടെന്നും അവന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെതന്നെ അവരോടു പെരുമാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ്‍വിന്‍.
10ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍.
11പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്പാന്‍ കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധവര്‍ഗം ധരിച്ചുകൊള്‍വിന്‍.
12നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
13അതുകൊണ്ടു നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധവര്‍ഗം എടുത്തുകൊള്‍വിന്‍.
14നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
15സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും
16എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന്‍.
17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍.
18സകല പ്രാര്‍ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാര്‍ക്കും എനിക്കുംവേണ്ടി പ്രാര്‍ഥനയില്‍ പൂര്‍ണസ്ഥിരത കാണിപ്പിന്‍.
19ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്‍റെ മര്‍മം പ്രാഗല്ഭ്യത്തോടെ അറിയിപ്പാന്‍ എന്‍റെ വായ് തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിനും
20ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാര്‍ഥിപ്പിന്‍.
21ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്ന് എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിനു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.
22നിങ്ങള്‍ ഞങ്ങളുടെ വസ്തുത അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.
23പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും സഹോദരന്മാര്‍ക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.
24നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഇരിക്കുമാറാകട്ടെ.