പുതിയ നിയമംMOV

എഫെസ്യര്‍ 4

1കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം

2പൂര്‍ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും

3ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍.

4നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,

5കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്,

6എല്ലാവര്‍ക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍.

7എന്നാല്‍ നമ്മില്‍ ഓരോരുത്തനു ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.

8അതുകൊണ്ട്: “അവന്‍ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.

9കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ?

10ഇറങ്ങിയവന്‍ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വര്‍ഗാധിസ്വര്‍ഗത്തിനു മീതെ കയറിയവനും ആകുന്നു.

11അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

12അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂര്‍ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം

13വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവര്‍ധനയ്ക്കും ആകുന്നു.

14അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ

15സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.

16ശരീരം മുഴുവനും യുക്തമായി ചേര്‍ന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ധനയ്ക്കായി അവനില്‍നിന്നു വളര്‍ച്ച പ്രാപിക്കുന്നു.

17ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാല്‍: ജാതികള്‍ തങ്ങളുടെ വ്യര്‍ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുത്.

18അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ,

19ദൈവത്തിന്‍റെ ജീവനില്‍നിന്ന് അകന്നു മനം തഴമ്പിച്ചുപോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു.

20നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനില്‍

21ഉപദേശം ലഭിച്ചു എങ്കില്‍ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.

22മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു

23നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി

24പുതുക്കം പ്രാപിച്ചു സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍.

25ആകയാല്‍ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.

26കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍. സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്.

27പിശാചിന് ഇടം കൊടുക്കരുത്.

28കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്.

29കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായില്‍നിന്നു പുറപ്പെടരുത്.

30ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്.

31എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.

32നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍.