പഴയ നിയമംMOV

സഭാപ്രസംഗി 8

1ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്‍റെ പൊരുള്‍ അറിയുന്നവന്‍ ആര്‍? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.

2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓര്‍ത്തിട്ട് രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാന്‍ പ്രബോധിപ്പിക്കുന്നു.

3നീ അവന്‍റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവന്‍ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.

4രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആര്‍ ചോദിക്കും?

5കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

6സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്‍റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു.

7സംഭവിപ്പാനിരിക്കുന്നത് അവന്‍ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര്‍ അറിയിക്കും?

8ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.

9ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യനു മനുഷ്യന്‍റെമേൽ അവന്‍റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാന്‍ ദൃഷ്‍ടിവച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു.

10വിശ്രാമം പ്രാപിക്കുന്നതും നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായയത്രേ.

11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.

12പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കു നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.

13എന്നാൽ ദുഷ്ടനു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്‍റെ ആയുസ്സു ദീര്‍ഘമാകയില്ല.

14ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാര്‍ക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായയത്രേ എന്നു ഞാന്‍ പറഞ്ഞു.

15ആകയാൽ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ച് സന്തോഷിക്കുന്നതല്ലാതെ മനുഷ്യനു സൂര്യന്‍റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്‍റെ കീഴിൽ അവനു നല്കുന്ന ആയുഷ്കാലത്ത് അവന്‍റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളൂ.

16ഭൂമിയിൽ നടക്കുന്ന കാര്യം കാണ്‍മാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവച്ചപ്പോള്‍

17സൂര്യന്‍റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്‍റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാൽ അവനു സാധിക്കയില്ല.