പഴയ നിയമംMOV

സഭാപ്രസംഗി 7

1നല്ല പേര്‍ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.

2വിരുന്നുവീട്ടിൽ പോകുന്നതിനെക്കാള്‍ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവന്‍ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.

3ചിരിയെക്കാള്‍ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും.

4ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.

5മൂഢന്‍റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നത് മനുഷ്യന് നല്ലത്.

6മൂഢന്‍റെ ചിരി കലത്തിന്‍റെ കീഴെ കത്തുന്ന മുള്ളിന്‍റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ.

7കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

8ഒരു കാര്യത്തിന്‍റെ ആരംഭത്തെക്കാള്‍ അതിന്‍റെ അവസാനം നല്ലത്; ഗര്‍വമാനസനെക്കാള്‍ ക്ഷമാമാനസന്‍ ശ്രേഷ്ഠന്‍.

9നിന്‍റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാര്‍വിൽ അല്ലോ നീരസം വസിക്കുന്നത്.

10പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്‍റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.

11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികള്‍ക്കും അതു ബഹുവിശേഷം.

12ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്‍റെ വിശേഷത.

13ദൈവത്തിന്‍റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കു കഴിയും?

14സുഖകാലത്തു സുഖമായിരിക്ക; അനര്‍ഥകാലത്തോ ചിന്തിച്ചുകൊള്‍ക; മനുഷ്യന്‍ തന്‍റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.

15ഞാന്‍ എന്‍റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്‍റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാന്‍ ഉണ്ട്; തന്‍റെ ദുഷ്ടതയിൽ ദീര്‍ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്.

16അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?

17അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു?

18നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തന്‍ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

19ഒരു പട്ടണത്തിൽ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം.

20പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.

21പറഞ്ഞുകേള്‍ക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്‍റെ ദാസന്‍ നിന്നെ ശപിക്കുന്നതു നീ കേള്‍ക്കാതിരിക്കേണ്ടതിനു തന്നെ.

22നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.

23ഇതൊക്കെയും ഞാന്‍ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന്‍ ജ്ഞാനം സമ്പാദിക്കുമെന്നു ഞാന്‍ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു.

24ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന്‍ ആര്‍ക്കു കഴിയും?

25ഞാന്‍ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു.

26മരണത്തെക്കാള്‍ കയ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും.

27കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേര്‍ത്തു പരിശോധിച്ചു നോക്കീട്ട് ഞാന്‍ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു:

28ഞാന്‍ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാന്‍ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.

29ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.