പഴയ നിയമംMOV

ദാനീയേൽ 12

1ആ കാലത്ത് നിന്‍റെ സ്വജാതിക്കാര്‍ക്ക് തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും.

2നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലര്‍ നിത്യ ജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.

3എന്നാൽ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.

4നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ധിക്കുകയും ചെയ്യും.

5അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റു രണ്ടാള്‍ ഒരുത്തന്‍ നദീതീരത്ത് ഇക്കരെയും മറ്റവന്‍ നദീതീരത്ത് അക്കരെയും നില്ക്കുന്നതു കണ്ടു.

6എന്നാൽ ഒരുവന്‍ ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോട്: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.

7ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷന്‍ വലംകൈയും ഇടംകൈയും സ്വര്‍ഗത്തേക്കുയര്‍ത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്‍റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങളൊക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു. ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല;

8ആകയാൽ ഞാന്‍: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.

9അതിന് അവന്‍ ഉത്തരം പറഞ്ഞത്: ദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്ക് അടച്ചും മുദ്രയിട്ടും ഇരിക്കുന്നു.

10പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവര്‍ത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.

11നിരന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.

12ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന്‍ ഭാഗ്യവാന്‍.

13നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ച് കാലാവസാനത്തിങ്കൽ നിന്‍റെ ഓഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.