പഴയ നിയമംMOV

ആമോസ് 5

1യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളെക്കുറിച്ച് വിലാപം ചൊല്ലുന്ന ഈ വചനം കേള്‍പ്പിന്‍!

2യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുവാന്‍ ആരുമില്ല.

3യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിനു നൂറു പേര്‍ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിനു പത്തു പേര്‍ മാത്രം ശേഷിക്കും.

4യഹോവ യിസ്രായേൽഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിപ്പിന്‍.

5ബേഥേലിനെ അന്വേഷിക്കരുത്; ഗില്ഗാലിലേക്കു ചെല്ലരുത്; ബേര്‍-ശേബയിലേക്കു കടക്കയുമരുത്; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും.

6നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിന്‍; അല്ലെങ്കിൽ അവന്‍ ബേഥേലിൽ ആര്‍ക്കും കെടുത്തുവാന്‍ കഴിയാത്ത ഒരു തീ പോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി, അതിനെ ദഹിപ്പിച്ചുകളയും.

7ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്‍ക്കയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

8കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‍ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കിമാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന്‍; യഹോവ എന്നാകുന്നു അവന്‍റെ നാമം.

9അവന്‍ കോട്ടയ്ക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്‍റെമേൽ നാശം മിന്നിക്കുന്നു.

10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവര്‍ ദ്വേഷിക്കയും പരമാര്‍ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.

11അങ്ങനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീട് പണിയും; അതിൽ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും.

12നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള്‍ അനവധിയും നിങ്ങളുടെ പാപങ്ങള്‍ കഠിനവും എന്നു ഞാന്‍ അറിയുന്നു.

13അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;

14നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു തിന്മയല്ല നന്മ തന്നെ അന്വേഷിപ്പിന്‍; അപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.

15നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ച് ഗോപുരത്തിങ്കൽ ന്യായം നിലനിര്‍ത്തുവിന്‍; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.

16അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍: അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

17ഞാന്‍ നിന്‍റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

18യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്ക് എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.

19അത് ഒരുത്തന്‍ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയിട്ട് കരടി അവന് എതിര്‍പ്പെടുകയോ വീട്ടിൽ ചെന്ന് കൈവച്ചു ചുമരോടു ചാരിയിട്ട് സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നെ.

21നിങ്ങളുടെ ഉത്സവങ്ങളെ ഞാന്‍ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.

22നിങ്ങള്‍ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന്‍ കടാക്ഷിക്കയില്ല.

23നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്നു നീക്കുക; നിന്‍റെ വീണാനാദം ഞാന്‍ കേള്‍ക്കയില്ല.

24എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

25യിസ്രായേൽഗൃഹമേ, നിങ്ങള്‍ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?

26നിങ്ങള്‍ക്ക് ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടിവരും.

27ഞാന്‍ നിങ്ങളെ ദമ്മേശെക്കിന് അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്‍റെ നാമം.