പുതിയ നിയമംMOV

അപ്പൊ. പ്രവൃത്തികള്‍ 3

1ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാര്‍ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോള്‍

2അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ട്.

3അവന്‍ പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ കടപ്പാന്‍ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു.

4പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു.

5അവന്‍ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി.

6അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞ്

7അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറച്ച്

8അവന്‍ കുതിച്ചെഴുന്നേറ്റുനടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു.

9അവന്‍ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു,

10ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവന്‍ എന്ന് അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായിത്തീര്‍ന്നു.

11അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നില്ക്കുമ്പോള്‍ ജനം എല്ലാം വിസ്മയം പൂണ്ടു ശലോമോന്‍റേത് എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓടിക്കൂടി.

12അത് കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞത്: യിസ്രായേല്‍പുരുഷന്മാരേ, ഇതിങ്കല്‍ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?

13അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി; അവനെ നിങ്ങള്‍ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്‍റെ മുമ്പില്‍വച്ചു തള്ളിപ്പറയുകയും ചെയ്തു.

14പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.

15അവനെ ദൈവം മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.

16അവന്‍റെ നാമത്തിലെ വിശ്വാസത്താല്‍ അവന്‍റെ നാമംതന്നെ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായിത്തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായിത്തീര്‍ന്നു.

17സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ അറിയുന്നു.

18ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവര്‍ത്തിച്ചു.

19ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങള്‍ വരികയും

20നിങ്ങള്‍ക്കു മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയയ്ക്കയും ചെയ്യും.

21ദൈവം ലോകാരംഭംമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതൊക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

22“ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുന്നേല്പിച്ചു തരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.

23ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.

24അത്രയുമല്ല ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാരൊക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

25“ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍തന്നെ.

26നിങ്ങള്‍ക്ക് ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ച് ഓരോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന് അവനെ അയച്ചിരിക്കുന്നു.