പുതിയ നിയമംMOV

അപ്പൊ. പ്രവൃത്തികള്‍ 1

1തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കു പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ.

2അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്

3താന്‍ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കു കാണിച്ചുകൊടുത്തു.

4അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോട്: നിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

5യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

6ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോട്: കര്‍ത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു.

7അവന്‍ അവരോട്: പിതാവ്തന്‍റെ സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങള്‍ക്കുള്ളതല്ല.

8എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.

9ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവന്‍ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.

10അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍ നിന്നു:

11ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വര്‍ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെതന്നെ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.

12അവര്‍ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത്ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

13അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബര്‍ത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍,

14യാക്കോബിന്‍റെ മകനായ യൂദാ ഇവര്‍ എല്ലാവരും സ്ത്രീകളോടും യേശുവിന്‍റെ അമ്മയായ മറിയയോടും അവന്‍റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാര്‍ഥന കഴിച്ചുപോന്നു.

15ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റു നിന്നു പറഞ്ഞത്:

16സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.

17അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കു ലഭിച്ചിരുന്നുവല്ലോ.-

18അവന്‍ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളര്‍ന്ന് അവന്‍റെ കുടലെല്ലാം തുറിച്ചുപോയി.

19അത് യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ഥമുള്ള അക്കല്ദാമാ എന്നു പേര്‍ ആയി.-

20സങ്കീര്‍ത്തനപുസ്തകത്തില്‍: “അവന്‍റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ“ എന്നും “അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു.

21ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്‍റെ സ്നാനംമുതല്‍ നമ്മെ വിട്ട് ആരോഹണം ചെയ്ത നാള്‍വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം

22ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടുകൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

23അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി:

24സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്‍റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്‍റെയും

25സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ഥിച്ച് അവരുടെ പേര്‍ക്കു ചീട്ടിട്ടു;

26ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.