പുതിയ നിയമംMOV

അപ്പൊ. പ്രവൃത്തികള്‍ 17

1അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

2പൗലൊസ് പതിവുപോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാന്‍ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

4അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേര്‍ന്നു.

5യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹമുണ്ടാക്കി യാസോന്‍റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.

6അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;

7യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതികൂലമായി പ്രവര്‍ത്തിക്കുന്നു എന്ന് നിലവിളിച്ചു.

8ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

9യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

10സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.

11അവര്‍ തെസ്സലൊനീക്യയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

12അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

13പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാര്‍ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

14ഉടനെ സഹോദരന്മാര്‍ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയൊസും അവിടെത്തന്നെ പാര്‍ത്തു.

15പൗലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയൊസും കഴിയുന്ന വേഗത്തില്‍ തന്‍റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

16അഥേനയില്‍ പൗലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു.

17അവന്‍ പള്ളിയില്‍വച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

18എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളില്‍ ചിലര്‍ അവനോട് വാദിച്ചു: ഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്ന് ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു.

19പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങള്‍ക്ക് അറിയാമോ?

20നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

21എന്നാല്‍ അഥേനരൊക്കെയും അവിടെ വന്നു പാര്‍ക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല.

22പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്ന് ഞാന്‍ കാണുന്നു.

23ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നത് തന്നെ ഞാന്‍ നിങ്ങളോട് അറിയിക്കുന്നു.

24ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല.

25താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിനും മുട്ടുള്ളവന്‍ എന്നപോലെ മാനുഷകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

26ഭൂതലത്തില്‍ എങ്ങും കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.

27അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.

28അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍: “നാം അവന്‍റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

29നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുന്ന പൊന്‍, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല.

30എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

31താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്‍റെ ഉറപ്പു നല്കിയുമിരിക്കുന്നു.

32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റു ചിലര്‍: ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.

33അങ്ങനെ പൗലൊസ് അവരുടെ നടുവില്‍നിന്നു പോയി.

34ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.