പുതിയ നിയമംMOV
1യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നു: നിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
2പൗലൊസിനും ബര്‍ന്നബാസിനും അവരോട് അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൗലൊസും ബര്‍ന്നബാസും അവരില്‍ മറ്റുചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്ന് നിശ്ചയിച്ചു.
3സഭ അവരെ യാത്ര അയച്ചിട്ട് അവര്‍ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കു മഹാസന്തോഷം വരുത്തി.
4അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും അവര്‍ അറിയിച്ചു.
5എന്നാല്‍ പരീശപക്ഷത്തില്‍നിന്നു വിശ്വസിച്ചവര്‍ ചിലര്‍ എഴുന്നേറ്റ് അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന്‍ കല്പിക്കയും വേണം എന്നു പറഞ്ഞു.
6ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.
7വളരെ തര്‍ക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: സഹോദരന്മാരേ, കുറെനാള്‍ മുമ്പേ ദൈവം നിങ്ങളില്‍വച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങള്‍ അറിയുന്നുവല്ലോ.
8ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍
9അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വച്ചിട്ടില്ല.
10ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
11കര്‍ത്താവായ യേശുവിന്‍റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
12ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
13അവര്‍ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്: സഹോദരന്മാരേ, എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍;
14ദൈവം തന്‍റെ നാമത്തിനായി ജാതികളില്‍നിന്ന് ഒരു ജനത്തെ എടുത്തുകൊള്‍വാന്‍ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോന്‍ വിവരിച്ചുവല്ലോ.
15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.
16“അനന്തരം ഞാന്‍ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിര്‍ത്തും;
17മനുഷ്യരില്‍ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്ന് ഇത്
18പൂര്‍വകാലംമുതല്‍ അറിയിക്കുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
19ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവര്‍
20വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വര്‍ജിച്ചിരിപ്പാന്‍ നാം അവര്‍ക്ക് എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.
21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില്‍ വായിച്ചുവരുന്നതിനാല്‍ പൂര്‍വകാലംമുതല്‍ പട്ടണംതോറും അത് പ്രസംഗിക്കുന്നവര്‍ ഉണ്ടല്ലോ.
22അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബര്‍ന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു.
23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളില്‍നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കു വന്ദനം.
24ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു
25ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബര്‍ന്നബാസോടും പൗലൊസോടും കൂടെ
26നിങ്ങളുടെ അടുക്കല്‍ അയയ്ക്കേണം എന്ന് ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
27ആകയാല്‍ ഞങ്ങള്‍ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നെ അറിയിക്കും.
28വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വര്‍ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേല്‍ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.
29ഇവ വര്‍ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്ന്; ശുഭമായിരിപ്പിന്‍.
30അങ്ങനെ അവര്‍ വിടവാങ്ങി അന്ത്യൊക്യയില്‍ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
31അവര്‍ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
32യൂദായും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.
33കുറെനാള്‍ താമസിച്ചശേഷം സഹോദരന്മാര്‍ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
34എന്നാല്‍ പൗലൊസും ബര്‍ന്നബാസും അന്ത്യൊക്യയില്‍ പാര്‍ത്തു മറ്റു പലരോടും കൂടി കര്‍ത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.
35കുറെനാള്‍ കഴിഞ്ഞിട്ടു പൗലൊസ് ബര്‍ന്നബാസിനോട്: നാം കര്‍ത്താവിന്‍റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു.
36മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.
37പൗലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.
38അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍പിരിഞ്ഞു, ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍ കയറി കുപ്രൊസ്ദ്വീപിലേക്കു പോയി.
39പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു: സഹോദരന്മാരാല്‍ കര്‍ത്താവിന്‍റെ
40കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു
41സുറിയാ, കിലിക്യാദേശങ്ങളില്‍കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.