പുതിയ നിയമംMOV

2 തെസ്സലൊനീക്യര്‍ 2

1ഇനി സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയും അവന്‍റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്:

2കര്‍ത്താവിന്‍റെ നാള്‍ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങള്‍ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുത്.

3ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.

4അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ച്, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ.

5നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍തന്നെ ഞാന്‍ ഇത് നിങ്ങളോട് പറഞ്ഞു എന്ന് ഓര്‍ക്കുന്നില്ലയോ?

6അവന്‍ സമയത്തിനു മുമ്പേ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോള്‍ തടുക്കുന്നത് എന്ത് എന്ന് നിങ്ങള്‍ അറിയുന്നു.

7അധര്‍മത്തിന്‍റെ മര്‍മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവന്‍ വഴിയില്‍നിന്നു നീങ്ങിപ്പോക മാത്രം വേണം.

8അപ്പോള്‍ അധര്‍മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും.

9അധര്‍മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കു സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും;

10അവര്‍ രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍തന്നെ അങ്ങനെ ഭവിക്കും.

11സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്

12ദൈവം അവര്‍ക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു.

13ഞങ്ങളോ, കര്‍ത്താവിനു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും രക്ഷയ്ക്കായി തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.

14നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷയ്ക്കു വിളിച്ചത്.

15ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍.

16നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന

17നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.