പഴയ നിയമംMOV
1അനന്തരം ദാവീദ് യഹോവയോട്: ഞാന്‍ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോട്: ചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടൂ എന്ന് ദാവീദ് ചോദിച്ചതിന്: ഹെബ്രോനിലേക്ക് എന്ന് അരുളപ്പാടുണ്ടായി.
2അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
3ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളിൽ പാര്‍ത്തു.
4അപ്പോള്‍ യെഹൂദാപുരുഷന്മാര്‍ വന്ന് അവിടെവച്ചു ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായിട്ട് അഭിഷേകം ചെയ്തു.
5ഗിലെയാദിലെ യാബേശ്നിവാസികള്‍ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് എന്നു ദാവീദിന് അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ്നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയ കാണിച്ച് അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവര്‍.
6യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കു നന്മ ചെയ്യും.
7ആകയാൽ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
8എന്നാൽ ശൗലിന്‍റെ സേനാപതിയായ നേരിന്‍റെ മകന്‍ അബ്നേര്‍ ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
9അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലാ യിസ്രായേല്യര്‍ക്കും രാജാവാക്കി.
10ശൗലിന്‍റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോള്‍ അവനു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.
11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നെ.
12നേരിന്‍റെ മകന്‍ അബ്നേരും ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
13അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവര്‍ കുളത്തിന്‍റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.
14അബ്നേര്‍ യോവാബിനോട്: ബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെയും ഭാഗത്തുനിന്നു പന്ത്രണ്ടു പേരും ദാവീദിന്‍റെ ചേവകരിൽ പന്ത്രണ്ടു പേരും എണ്ണമൊത്ത് എഴുന്നേറ്റു തമ്മിൽ അടുത്തു.
16ഓരോരുത്തന്‍ താന്താന്‍റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിനു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.
17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ചേവകരോടു തോറ്റുപോയി.
18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
19അസാഹേൽ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
20അബ്നേര്‍ പുറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്: അതേ എന്ന് അവന്‍ ഉത്തരം പറഞ്ഞു.
21അബ്നേര്‍ അവനോട്: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ച് അവന്‍റെ ആയുധവര്‍ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന് അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.
22അബ്നേര്‍ അസാഹേലിനോട്: എന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാന്‍ നിന്‍റെ സഹോദരനായ യോവാബിന്‍റെ മുഖത്ത് എങ്ങനെ നോക്കും എന്നു പറഞ്ഞു.
23എന്നാറെയും വിട്ടുമാറുവാന്‍ അവനു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പുറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.
24യോവാബും അബീശായിയും അബ്നേരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍മരുഭൂമിയിലെ വഴിയരികെ ഗീഹിന്‍റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
25ബെന്യാമീന്യര്‍ അബ്നേരിന്‍റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍മുകളിൽ നിന്നു.
26അപ്പോള്‍ അബ്നേര്‍ യോവാബിനോട്: വാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കയ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിനു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചുപറഞ്ഞു.
27അതിനു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
28ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനമൊക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല, പൊരുതിയതുമില്ല.
29അബ്നേരും അവന്‍റെ ആളുകളും അന്നു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്ന് യോര്‍ദ്ദാന്‍ കടന്ന് ബിത്രോനിൽക്കൂടി ചെന്ന് മഹനയീമിൽ എത്തി.
30യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ട് മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവകരിൽ പത്തൊമ്പതു പേരും അസാഹേലും ഇല്ലായിരുന്നു.
31എന്നാൽ ദാവീദിന്‍റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്‍റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതു പേരെ സംഹരിക്കയും ചെയ്തിരുന്നു.
32അസാഹേലിനെ അവര്‍ എടുത്തു ബേത്‍ലഹേമിൽ അവന്‍റെ അപ്പന്‍റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്‍റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലര്‍ച്ചയ്ക്കു ഹെബ്രോനിൽ എത്തി.