പഴയ നിയമംMOV

2 ശമൂവേൽ 1

1ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാര്‍ക്കയും ചെയ്തശേഷം

2മൂന്നാം ദിവസം ഒരാള്‍ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്‍റെ പാളയത്തിൽനിന്ന് വന്നു, ദാവീദിന്‍റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

3ദാവീദ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്: ഞാന്‍ യിസ്രായേൽപാളയത്തിൽനിന്ന് ഓടിപ്പോരുകയാകുന്നു എന്ന് അവന്‍ പറഞ്ഞു.

4ദാവീദ് അവനോട്: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന് അവന്‍: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകര്‍ പട്ടുവീണു; ശൗലും അവന്‍റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്ന് ഉത്തരം പറഞ്ഞു.

5വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്‍റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞുവെന്നു ചോദിച്ചതിന്

6വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞത്: ഞാന്‍ യദൃച്ഛയാ ഗിൽബോവപര്‍വതത്തിലേക്കു ചെന്നപ്പോള്‍ ശൗൽ തന്‍റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;

7അവന്‍ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു; അടിയന്‍ ഇതാ എന്നു ഞാന്‍ ഉത്തരം പറഞ്ഞു.

8നീ ആരെന്ന് അവന്‍ എന്നോടു ചോദിച്ചതിന്: ഞാന്‍ ഒരു അമാലേക്യന്‍ എന്ന് ഉത്തരം പറഞ്ഞു.

9അവന്‍ എന്നോട്: നീ അടുത്തു വന്ന് എന്നെ കൊല്ലേണം; എന്‍റെ ജീവന്‍ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.

10അതുകൊണ്ട് ഞാന്‍ അടുത്തു ചെന്ന് അവനെ കൊന്നു; അവന്‍റെ വീഴ്ചയുടെ ശേഷം അവന്‍ ജീവിക്കയില്ല എന്നു ഞാന്‍ അറിഞ്ഞിരുന്നു; അവന്‍റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാന്‍ എടുത്ത് ഇവിടെ യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.

11ഉടനെ ദാവീദ് തന്‍റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു.

12അവര്‍ ശൗലിനെയും അവന്‍റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവര്‍ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.

13ദാവീദ് വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരന്‍ എന്നു ചോദിച്ചതിന്: ഞാന്‍ ഒരു അന്യജാതിക്കാരന്‍റെ മകന്‍, ഒരു അമാലേക്യന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു.

14ദാവീദ് അവനോട്: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന് കൈയോങ്ങുവാന്‍ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ എന്നു പറഞ്ഞു.

15പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവന്‍ അവനെ വെട്ടിക്കൊന്നു.

16ദാവീദ് അവനോട്: നിന്‍റെ രക്തം നിന്‍റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്‍റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

17അനന്തരം ദാവീദ് ശൗലിനെയും അവന്‍റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി-

18അവന്‍ യെഹൂദാമക്കളെ ഈ ധനുര്‍ഗീതം അഭ്യസിപ്പിപ്പാന്‍ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-

19യിസ്രായേലേ, നിന്‍റെ പ്രതാപമായവര്‍ നിന്‍റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാര്‍ പട്ടുപോയത് എങ്ങനെ!

20ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോന്‍ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കരുതേ; അഗ്രചര്‍മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ;

21ഗിൽബോവപര്‍വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.

22നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്‍റെ വാള്‍ വൃഥാ പോന്നതുമില്ല.

23ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല; അവര്‍ കഴുകനിലും വേഗവാന്മാര്‍. സിംഹത്തിലും വീര്യവാന്മാര്‍.

24യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.

25യുദ്ധമധ്യേ വീരന്മാര്‍ പട്ടുപോയതെങ്ങനെ! നിന്‍റെ ഗിരികളിൽ യോനാഥാന്‍ നിഹതനായല്ലോ.

26യോനാഥാനേ, എന്‍റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലന്‍ ആയിരുന്നു; നിന്‍പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.

27വീരന്മാര്‍ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങള്‍ നശിച്ചുപോയല്ലോ!