പഴയ നിയമംMOV
1രാജാവിന്റെ മനസ്സ് അബ്ശാലോമിന്റെ നേരേ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള്‍
2തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: മരിച്ചുപോയവനെക്കുറിച്ച് ഏറിയ നാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖം നടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും
3രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവള്‍ക്ക് ഉപദേശിച്ചുകൊടുത്തു.
4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന്‍ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
5രാജാവ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചതിന് അവള് പറഞ്ഞത്: അടിയന് ഒരു വിധവ ആകുന്നു; ഭര്‍ത്താവ് മരിച്ചുപോയി.
6എന്നാൽ അടിയനു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു; അവര്‍ വയലിൽവച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ട് ഒരുത്തന് മറ്റവനെ അടിച്ചുകൊന്നു.
7കുലം മുഴുവനും അടിയന്റെ നേരേ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവന് കൊന്ന സഹോദരന്റെ ജീവനു പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്റെ ഭര്‍ത്താവിനു പേരും സന്തതിയും ഭൂമിയിൽ വച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.
8രാജാവ് സ്ത്രീയോട്: നിന്റെ വീട്ടിലേക്കു പോക; ഞാന്‍ നിന്റെ കാര്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.
9ആ തെക്കോവക്കാരത്തി രാജാവിനോട്: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
10അതിനു രാജാവ്: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവന് പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
11രക്തപ്രതികാരകന് അധികം സംഹാരം ചെയ്കയും എന്റെ മകനെ അവര്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓര്‍ക്കേണമേ എന്ന് അവള് പറഞ്ഞു. അതിന് അവന്: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
12അപ്പോള്‍ ആ സ്ത്രീ: യജമാനനായ രാജാവിനോട് അടിയന് ഒരു വാക്കു ബോധിപ്പിച്ചു കൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്ന് അവന് പറഞ്ഞു.
13ആ സ്ത്രീ പറഞ്ഞത്: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിനു വിരോധമായി വിചാരിക്കുന്നത് എന്ത്? രാജാവ് തന്റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോള്‍ കല്പിച്ച വചനംകൊണ്ടു രാജാവു തന്നെ കുറ്റക്കാരനെന്നു വന്നുവല്ലോ.
14നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്‍ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന്‍ തനിക്ക് ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്‍ഗം ചിന്തിക്കുന്നു.
15ഞാന്‍ ഇപ്പോള്‍ യജമാനനായ രാജാവിനെ ഈ കാര്യം ഉണര്‍ത്തിപ്പാന്‍ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ട് ഇപ്പോള്‍ രാജാവിനെ ഉണര്‍ത്തിക്കട്ടെ; പക്ഷേ രാജാവ് അടിയന്റെ അപേക്ഷപ്രകാരം ചെയ്യുമായിരിക്കും;
16രാജാവ് കേട്ട് എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്റെ കൈയിൽനിന്നു വിടുവിക്കുമല്ലോ എന്ന് അടിയന് വിചാരിച്ചു.
17യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന് യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന് വിചാരിച്ചു. അതുകൊണ്ട് നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
18രാജാവ് സ്ത്രീയോട്: ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; അത് എന്നോട് മറച്ചു വയ്ക്കരുത് എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.
19അപ്പോള്‍ രാജാവ്: ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിനു സ്ത്രീ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആര്‍ക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ്തന്നെ ആകുന്നു ഇത് അടിയനോടു കല്പിച്ചത്; അവന് തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചു തന്നത്.
20കാര്യത്തിന്റെ രൂപം മാറ്റേണ്ടതിനു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാന്‍ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനന് ജ്ഞാനമുള്ളവനാകുന്നു.
21രാജാവ് യോവാബിനോട്: ഞാന്‍ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്ന് അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
22യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കു പോലെ രാജാവ് ചെയ്തതുകൊണ്ട് അടിയനു തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയന് ഇന്ന് അറിയുന്നു എന്നു യോവാബ് പറഞ്ഞു.
23അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു.
24എന്നാൽ രാജാവ്: അവന് തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവന് കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25എന്നാൽ എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന് ഒരു ഊനവും ഇല്ലായിരുന്നു.
26അവന് തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറു ശേക്കെൽ കാണും.
27അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള് സൗന്ദര്യം ഉള്ള സ്ത്രീയായിരുന്നു.
28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാര്‍ത്തു.
29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിപ്പാന്‍ ആളയച്ചു. എന്നാൽ അവന് അവന്റെ അടുക്കൽ ചെന്നില്ല; രണ്ടാമതു പറഞ്ഞയച്ചിട്ടും അവന് ചെന്നില്ല.
30അതുകൊണ്ട് അവന് തന്റെ ഭൃത്യന്മാരോട്: എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള്‍ ചെന്ന് അതു തീ വച്ചു ചുട്ടുകളവിന്‍ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാര് ആ കൃഷി ചുട്ടുകളഞ്ഞു.
31അപ്പോള്‍ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അവനോട്: നിന്റെ ഭൃത്യന്മാര് എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത് എന്നു ചോദിച്ചു.
32അബ്ശാലോം യോവാബിനോട്: ഞാന്‍ ഗെശൂരിൽനിന്ന് എന്തിനു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നെ പാര്‍ത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിനു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവന് എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
33യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവന് അബ്ശാലോമിനെ വിളിപ്പിച്ചു; അവന് രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.