പഴയ നിയമംMOV

2 രാജാക്കന്മാര്‍ 2

1യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്ക് എടുത്തുകൊള്‍വാന്‍ ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു.

2ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊള്‍ക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.

3ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.

4ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്‍: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.

5യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവന്‍: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.

6ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യോര്‍ദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവന്‍: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.

7പ്രവാചകശിഷ്യന്മാരിൽ അമ്പതു പേര്‍ ചെന്ന് അവര്‍ക്കെതിരേ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാനരികെ നിന്നു.

8അപ്പോള്‍ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തുമടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു.

9അവര്‍ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാന്‍ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന് എലീശാ: നിന്‍റെ ആത്മാവിൽ ഇരട്ടി പങ്ക് എന്‍റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.

10അതിന് അവന്‍: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.

11അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്കു കയറി.

12എലീശാ അതുകണ്ടിട്ട്: എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്‍റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.

13പിന്നെ അവന്‍ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാനരികെ നിന്നു.

14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവന്‍ വെള്ളത്തെ അടിച്ചു: ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു.

15യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ട്: ഏലീയാവിന്‍റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു.

16അവര്‍ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ട്; അവര്‍ ചെന്ന് നിന്‍റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവന്‍: നിങ്ങള്‍ അയയ്ക്കരുത് എന്നു പറഞ്ഞു.

17അവര്‍ അവനെ അത്യന്തം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍: എന്നാൽ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.

18അവന്‍ യെരീഹോവിൽ പാര്‍ത്തിരുന്നതുകൊണ്ട് അവര്‍ അവന്‍റെ അടുക്കൽ മടങ്ങിവന്നു; അവന്‍ അവരോട്: പോകരുത് എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

19അനന്തരം ആ പട്ടണക്കാര്‍ എലീശായോട്: ഈ പട്ടണത്തിന്‍റെ ഇരിപ്പ് മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.

20അതിന് അവന്‍: ഒരു പുതിയ തളിക കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അത് അവന്‍റെ അടുക്കൽ കൊണ്ടുവന്നു.

21അവന്‍ നീരുറവിന്‍റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നെ ഇരിക്കുന്നു.

23പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയിൽ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്ന് അവനെ പരിഹസിച്ച് അവനോട്: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു.

24അവന്‍ പിന്നോക്കം തിരിഞ്ഞ് അവരെ നോക്കി യഹോവാനാമത്തിൽ അവരെ ശപിച്ചു; അപ്പോള്‍ കാട്ടിൽനിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.

25അവന്‍ അവിടം വിട്ടു കര്‍മ്മേൽപര്‍വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.