പഴയ നിയമംMOV
1യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവ് രാജാവായി.
2അവന് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന് യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മയ്ക്ക് യെഹോവദ്ദാന്‍ എന്നു പേര്.
3അവന് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെയൊക്കെയും അവന് ചെയ്തു.
4എങ്കിലും പൂജാഗിരികള്‍ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
5രാജത്വം അവനു സ്ഥിരമായപ്പോള്‍ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന് കൊന്നു കളഞ്ഞു.
6എന്നാൽ പുത്രന്മാര്ക്കു പകരം പിതാക്കന്മാരും, പിതാക്കന്മാര്ക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിനു താന്താന് മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവന് ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
7അവന് ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനായിരം പേരെ കൊന്നു. സേലയെ യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേര് വിളിച്ചു; അത് ഇന്നുവരെയും പറഞ്ഞുവരുന്നു.
8ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന് യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
9അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: ലെബാനോനിലെ മുള്‍പ്പടര്‍പ്പ് ലെബാനോനിലെ ദേവദാരുവോട് നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരിക എന്ന് ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.
10എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദായും വീഴുവാന്‍ തക്കവണ്ണം അനര്‍ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്? എന്നാൽ അമസ്യാവ് കേട്ടില്ല.
11ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽവച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
12യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തന് താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
13അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന് അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ചു പിടിച്ചിട്ട് യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോണ്‍പടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
14അവന് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകല ഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്ക് മടങ്ങിപ്പോയി.
15യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന് യെഹൂദാരാജാവായ അമസ്യാവോട് യുദ്ധം ചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവനു പകരം രാജാവായി.
17യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവ് പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
18അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19യെരൂശലേമിൽ അവനു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ട് അവന് ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.
20അവനെ കുതിരപ്പുറത്തുവച്ചു കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
21യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യാവെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിനുപകരം രാജാവാക്കി.
22രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവന് തന്നെ.
23യെഹൂദാരാജാവായ യോവാശിന്റെ മകന് അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകന് യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
24അവന് യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടു മാറിയില്ല.
25ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന് മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന് ഹമാത്തിന്റെ അതിര്‍മുതൽ അരാബായിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
26യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിനു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ട്,
27യിസ്രായേലിന്റെ പേര് ആകാശത്തിന്‍കീഴിൽനിന്നു മായിച്ചുകളയും എന്ന് യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
28യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന് യുദ്ധംചെയ്തതും യെഹൂദായ്ക്ക് ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിനു വീണ്ടുകൊണ്ടതിൽ അവന് കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.