പുതിയ നിയമംMOV

2 കൊരിന്ത്യര്‍ 8

1സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു.

2കഷ്ടത എന്ന കഠിനശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു.

3വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധര്‍മവും കൂട്ടായ്മയും സംബന്ധിച്ച് അവര്‍ വളരെ താല്‍പര്യത്തോടെ

4ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാന്‍ സാക്ഷി.

5അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പേ തങ്ങളെത്തന്നെ കര്‍ത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.

6അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മശേഖരം നിവര്‍ത്തിക്കേണം എന്ന് ഞങ്ങള്‍ അവനോട് അപേക്ഷിച്ചു.

7എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മകാര്യത്തിലും മുന്തിവരുവിന്‍.

8ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്‍റെ പരമാര്‍ഥതയും ശോധന ചെയ്യേണ്ടതിനത്രേ പറയുന്നത്.

9നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിനു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.

10ഞാന്‍ ഇതില്‍ എന്‍റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്‍പര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്ക് ഇതു യോഗ്യം.

11എന്നാല്‍ താല്‍പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍.

12ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താല്‍ അവനു ദൈവപ്രസാദം ലഭിക്കും.

13മറ്റുള്ളവര്‍ക്കു സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.

14സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന് ഉതകട്ടെ.

15“ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.

16നിങ്ങള്‍ക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം.

17അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.

18ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു.

19അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്ത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.

20ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മശേഖരകാര്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ട്

21ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുന്‍കരുതുന്നു.

22ഞങ്ങള്‍ പലതിലും പലപ്പോഴും ശോധന ചെയ്ത് ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ച് ധൈര്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.

23തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്ത്വവും തന്നെ.

24ആകയാല്‍ നിങ്ങളുടെ സ്നേഹത്തിനും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസയ്ക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കു കാണിച്ചുകൊടുപ്പിന്‍.