പുതിയ നിയമംMOV

2 കൊരിന്ത്യര്‍ 5

1കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്‍റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗത്തില്‍ ഉണ്ടെന്ന് അറിയുന്നു.

2ഈ കൂടാരത്തില്‍ ഞരങ്ങിക്കൊണ്ടു ഞങ്ങള്‍ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു

3എങ്കില്‍ സ്വര്‍ഗീയമായ ഞങ്ങളുടെ പാര്‍പ്പിടം അതിനുമീതെ ധരിപ്പാന്‍ വാഞ്ഛിക്കുന്നു.

4ഉരിവാനല്ല മര്‍ത്യമായത് ജീവനാല്‍ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.

5അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവംതന്നെ.

6ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തില്‍ വസിക്കുമ്പോഴൊക്കെയും കര്‍ത്താവിനോട് അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു.

7കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്.

8ഇങ്ങനെ ഞങ്ങള്‍ ധൈര്യപ്പെട്ടു ശരീരം വിട്ടു കര്‍ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു.

9അതുകൊണ്ടു ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നവര്‍ ആകുവാന്‍ അഭിമാനിക്കുന്നു.

10അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

11ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിനു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ ആശിക്കുന്നു.

12ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാന്‍ നിങ്ങള്‍ക്കു വക ഉണ്ടാകേണ്ടതിനു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാന്‍ നിങ്ങള്‍ക്കു കാരണം തരുകയത്രേ ചെയ്യുന്നത്.

13ഞങ്ങള്‍ വിവശന്മാര്‍ എന്നു വരികില്‍ ദൈവത്തിനും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു.

14ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കുംവേണ്ടി ഒരുവന്‍ മരിച്ചിരിക്കെ,

15എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു.

16ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.

17ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.

18അതിനൊക്കെയും ദൈവംതന്നെ കാരണഭൂതന്‍; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.

19ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.

20ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

21പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി.