പുതിയ നിയമംMOV

2 കൊരിന്ത്യര്‍ 1

1ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയില്‍ എല്ലാടത്തുമുള്ള സകല വിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നത്:

2നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3മനസ്സലിവുള്ള പിതാവും സര്‍വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

4ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിനു ഞങ്ങള്‍ക്കുള്ള കഷ്ടത്തിലൊക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

5ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെതന്നെ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.

6ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങള്‍ക്ക് ആശ്വാസം വരുന്നു എങ്കില്‍ അത് ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നെ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.

7നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതുതന്നെ.

8സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ് ഞങ്ങള്‍ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു.

9അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍തന്നെ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്ന് ഉള്ളില്‍ നിര്‍ണയിക്കേണ്ടിവന്നു.

10ഇത്ര ഭയങ്കര മരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു.

11അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കുവേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.

12ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോട്, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യംതന്നെ ഞങ്ങളുടെ പ്രശംസ.

13നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നില്ല;

14നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്ന് നിങ്ങള്‍ ഞങ്ങളെ ഏറെക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്ന് ഞാന്‍ ആശിക്കുന്നു.

15ഇങ്ങനെ ഉറച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമത് ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവച്ചു

16മുമ്പേ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.

17ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്‍റെ വാക്ക് ഉവ്വ്, ഉവ്വ്; ഇല്ല, ഇല്ല എന്ന് ആകുവാന്‍ തക്കവണ്ണം എന്‍റെ നിരൂപണം ജഡികനിരൂപണമോ?

18നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വ് എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.

19ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വ് എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വ് എന്നത്രേയുള്ളൂ.

20ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനില്‍ ആമേന്‍ എന്നുംതന്നെ.

21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.

22അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.

23എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞത്; അതിനു ദൈവം സാക്ഷി.

24നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറച്ചു നില്ക്കുന്നുവല്ലോ.