പഴയ നിയമംMOV
1ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത്തിനുവേണ്ടി ചെയ്ത പണിയൊക്കെയും തീര്‍ന്നു; പിന്നെ ശലോമോന്‍ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വച്ചു.
2ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്‍റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാന്‍ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയൊക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി.
3യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്‍റെ അടുക്കൽ വന്നുകൂടി.
4യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര്‍ പെട്ടകം എടുത്തു.
5പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകല വിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്.
6ശലോമോന്‍രാജാവും അവന്‍റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു.
7പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തര്‍മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍കീഴെ കൊണ്ടുചെന്നു വച്ചു.
8കെരൂബുകള്‍ പെട്ടകത്തിന്‍റെ സ്ഥലത്തിനു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു.
9തണ്ടുകള്‍ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മന്ദിരത്തിനു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തു നിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്.
10യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോറേബിൽവച്ചു പെട്ടകത്തിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
11പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോള്‍-അവിടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;
12ആസാഫ്, ഹേമാന്‍, യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിനു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപത് പുരോഹിതന്മാരോടുകൂടെ നിന്നു-
13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ച് കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളത് എന്ന് ഏകസ്വരമായി കേള്‍ക്കുമാറ് യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.
14യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാര്‍ക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാന്‍ കഴിഞ്ഞില്ല.