പഴയ നിയമംMOV
1ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലാ യിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്ത് എല്ലാ യെഹൂദായിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പൂജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കള്‍ എല്ലാവരും ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
2അനന്തരം യെഹിസ്കീയാവ് പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്‍റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്‍റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
3രാജാവ് ഹോമയാഗങ്ങള്‍ക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങള്‍ക്കായിട്ടും ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങള്‍ക്കായിട്ടും തന്നെ സ്വന്തവകയിൽനിന്ന് ഒരു ഓഹരി നിശ്ചയിച്ചു.
4യെരൂശലേമിൽ പാര്‍ത്ത ജനത്തോട് അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന് അവരുടെ ഓഹരി കൊടുപ്പാന്‍ കല്പിച്ചു.
5ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ എല്ലാ വിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്‍റെയും ദശാംശവും അനവധി കൊണ്ടുവന്നു.
6യെഹൂദാനഗരങ്ങളിൽ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവയ്ക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
7മൂന്നാം മാസത്തിൽ അവര്‍ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീര്‍ത്തു.
8യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോള്‍ അവര്‍ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
9യെഹിസ്കീയാവ് കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
10അതിനു സാദോക്കിന്‍റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവ് അവനോട്: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങള്‍ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
11അപ്പോള്‍ യെഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;
12അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തു കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയ്ക്കു മേൽവിചാരകനും അവന്‍റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.
13യെഹിസ്കീയാരാജാവിന്‍റെയും ദൈവാലയപ്രമാണിയായ അസര്യാവിന്‍റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവര്‍ കോനന്യാവിന്‍റെയും അവന്‍റെ അനുജന്‍ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു.
14കിഴക്കേ വാതിൽക്കാവല്ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധ വസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിനുള്ള ഔദാര്യദാനങ്ങള്‍ക്കു മേൽവിചാരകനായിരുന്നു.
15അവന്‍റെ കീഴിൽ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും കൂറുകൂറായി കൊടുപ്പാന്‍ ഏദെന്‍, മിന്യാമീന്‍, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവര്‍ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.
16മൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്‍റെ ആവശ്യംപോലെ കൂറുകൂറായി താന്താങ്ങളുടെ തവണയ്ക്കു ശുശ്രൂഷയ്ക്കായിട്ട് ആലയത്തിൽ വരുന്നവരെയും
17പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനം പിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുകൂറായി താന്താങ്ങളുടെ തവണമുറയ്ക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.
18സര്‍വസഭയിലും അവരുടെ എല്ലാ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നെ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു.
19പുരോഹിതന്മാരുടെ സകല പുരുഷപ്രജയ്ക്കും ലേവ്യരിൽ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഓഹരി കൊടുക്കേണ്ടതിന് അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഓരോ പട്ടണത്തിൽ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.
20യെഹിസ്കീയാവ് യെഹൂദായിലൊക്കെയും ഇവ്വണ്ണം ചെയ്തു; തന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവര്‍ത്തിച്ചു.
21അവന്‍ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്‍റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകല പ്രവൃത്തിയിലും പൂര്‍ണഹൃദയത്തോടെ പ്രവര്‍ത്തിച്ച് കൃതാര്‍ഥനായിരുന്നു.