പഴയ നിയമംMOV

2 ദിനവൃത്താന്തം 19

1യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്‍റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോള്‍

2ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത്‍രാജാവിനോട്: ദുഷ്ടനു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകയ്ക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ? അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്‍റെമേൽ വന്നിരിക്കുന്നു.

3എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാന്‍ മനസ്സുവയ്ക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.

4യെഹോശാഫാത്ത് യെരൂശലേമിൽ പാര്‍ത്തു, ബേര്‍-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്‍റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തി.

5അവന്‍ ദേശത്തു പട്ടണംതോറും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:

6നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവയ്ക്കുവേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.

7ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.

8യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായിട്ടും വ്യവഹാരം തീര്‍ക്കേണ്ടതിനായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമിൽ മടങ്ങിവന്നു.

9അവന്‍ അവരോട് കല്പിച്ചതെന്തെന്നാൽ: നിങ്ങള്‍ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.

10അതതു പട്ടണത്തിൽ പാര്‍ക്കുന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധ രക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ച് ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവര്‍ യഹോവയോട് അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിനു നിങ്ങള്‍ അവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊള്‍വിന്‍.

11ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാ കാര്യത്തിലും യെഹൂദാഗൃഹത്തിന്‍റെ പ്രഭുവായ യിശ്മായേലിന്‍റെ മകന്‍ സെബദ്യാവ് രാജാവിന്‍റെ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങള്‍ക്ക് ഉണ്ട്. ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍; യഹോവ നല്ലവരോടുകൂടെ ഇരിക്കും.