പഴയ നിയമംMOV

2 ദിനവൃത്താന്തം 18

1യെഹോശാഫാത്തിന് ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവന്‍ ആഹാബിനോടു സംബന്ധംകൂടി.

2ചില സംവത്സരം കഴിഞ്ഞശേഷം അവന്‍ ശമര്യയിൽ ആഹാബിന്‍റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനുംവേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ വശീകരിച്ചു.

3യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോട്: ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിനു പോരാം എന്നു പറഞ്ഞു.

4യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്ന് യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

5യിസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ വരുത്തി അവരോട്: ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: പുറപ്പെടുക; ദൈവം അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

6എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായിട്ട് ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

7അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി ഒരുത്തനുണ്ട്; എന്നാൽ അവന്‍ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമില്ല; അവന്‍ യിമ്ലയുടെ മകനായ മീഖായാവ് എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

8അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

9യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്‍റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.

10കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

11പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ഥനാകും; യഹോവ അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.

12മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരിൽ ഒരുത്തന്‍റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

13അതിനു മീഖായാവ്: യഹോവയാണ, എന്‍റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.

14അവന്‍ രാജാവിന്‍റെ അടുക്കൽ വന്നപ്പോള്‍ രാജാവ് അവനോട്: മീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവന്‍: പുറപ്പെടുവിന്‍; നിങ്ങള്‍ കൃതാര്‍ഥരാകും; അവര്‍ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

15രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാന്‍ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.

16അതിന് അവന്‍: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാന്‍ കണ്ടു; അപ്പോള്‍ യഹോവ: ഇവര്‍ക്കു നാഥനില്ല; ഇവര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.

17അപ്പോള്‍ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.

18അതിന് അവന്‍ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍! യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വര്‍ഗത്തിലെ സൈന്യം എല്ലാം അവന്‍റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാന്‍ കണ്ടു.

19യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.

20എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു.

21അതിന് അവന്‍: ഞാന്‍ ചെന്ന് അവന്‍റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്‍റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവന്‍ കല്പിച്ചു.

22ആകയാൽ ഇതാ, യഹോവ ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനര്‍ഥം കല്പിച്ചുമിരിക്കുന്നു.

23അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാന്‍ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

24അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.

25അപ്പോള്‍ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങള്‍ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കൽ കൊണ്ടുചെന്ന്:

26ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാന്‍ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിന്‍.

27അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാന്‍ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.

28അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

29എന്നാൽ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാന്‍ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു.

30അങ്ങനെ യിസ്രായേൽരാജാവ് വേഷം മാറി, അവര്‍ പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്‍റെ രഥനായകന്മാരോട്: നിങ്ങള്‍ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.

31ആകയാൽ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍: ഇവന്‍തന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോവാന്‍ ദൈവം അവര്‍ക്കു തോന്നിച്ചു.

32അവന്‍ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ട് അവര്‍ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.

33എന്നാൽ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവന്‍ തന്‍റെ സാരഥിയോട്: നിന്‍റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

34അന്നു പട കഠിനമായിത്തീര്‍ന്നതുകൊണ്ടു യിസ്രായേൽരാജാവ് സന്ധ്യവരെ അരാമ്യര്‍ക്കെതിരേ രഥത്തിൽ നിവിര്‍ന്നു നിന്നു; സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് അവന്‍ മരിച്ചുപോയി.