പഴയ നിയമംMOV

2 ദിനവൃത്താന്തം 14

1അബീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആസാ അവനു പകരം രാജാവായി. അവന്‍റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.

2ആസാ തന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.

3അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.

4യെഹൂദായോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.

5അവന്‍ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്‍റെ കീഴിൽ സ്വസ്ഥമായിരുന്നു.

6യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.

7അവന്‍ യെഹൂദ്യരോട്: നാം ഈ പട്ടണങ്ങളെ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന്‍ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ വെടിപ്പായി പണിതു തീര്‍ത്തു.

8ആസായ്ക്കു വന്‍പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്‍പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.

9അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരേ പുറപ്പെട്ടു മാരേശാവരെ വന്നു.

10ആസാ അവന്‍റെ നേരേ പുറപ്പെട്ടു; അവര്‍ മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ പടയ്ക്ക് അണിനിരത്തി.

11ആസാ തന്‍റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്‍റെ നാമത്തിൽ ഞങ്ങള്‍ ഈ പുരുഷാരത്തിനു നേരേ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്‍റെ നേരേ പ്രബലനാകരുതേ എന്നു പറഞ്ഞു.

12അപ്പോള്‍ യഹോവ ആസായുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യര്‍ ഓടിപ്പോയി.

13ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരെ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്‍റെ സൈന്യത്തിന്‍റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തു കൊണ്ടുപോന്നു.

14അവര്‍ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽനിന്ന് ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവര്‍ എല്ലാ പട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.

15അവര്‍ നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.