പുതിയ നിയമംMOV

1 തിമൊഥെയൊസ് 3

1ഒരുവന്‍ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.

2എന്നാല്‍ അധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ഥനും ആയിരിക്കേണം.

3മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും

4ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.

5സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

6നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുത്.

7നിന്ദയിലും പിശാചിന്‍റെ കെണിയിലും കുടുങ്ങാതിരിപ്പാന്‍ പുറമേയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

8അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ലാഭമോഹികളും അരുത്.

9അവര്‍ വിശ്വാസത്തിന്‍റെ മര്‍മം ശുദ്ധമനസ്സാക്ഷിയില്‍ വച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം.

10അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്ക്കട്ടെ.

11അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.

12ശുശ്രൂഷകന്മാര്‍ ഏക ഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.

13നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗല്ഭ്യവും സമ്പാദിക്കുന്നു.

14ഞാന്‍ വേഗത്തില്‍ നിന്‍റെ അടുക്കല്‍ വരും എന്ന് ആശിക്കുന്നു;

15താമസിച്ചുപോയാലോ സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.

16അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു; ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മം സമ്മതമാംവണ്ണം വലിയതാകുന്നു.