പുതിയ നിയമംMOV

1 തെസ്സലൊനീക്യര്‍ 3

1ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ച് ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവച്ച്

2ഈ കഷ്ടങ്ങളില്‍ ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.

3കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.

4നാം കഷ്ടമനുഭവിക്കേണ്ടിവരും എന്ന് ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ട്; അവ്വണ്ണംതന്നെ സംഭവിച്ചു എന്ന് നിങ്ങള്‍ അറിയുന്നു.

5ഇതുനിമിത്തം എനിക്ക് ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതേയായിപ്പോയോ എന്ന് ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ വസ്തുത അറിയേണ്ടതിന് ആളയച്ചു.

6ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്ന് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്‍മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്‍മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് എപ്പോഴും നല്ല ഓര്‍മ ഉണ്ട് എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,

7സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ആശ്വാസം പ്രാപിച്ചു.

8നിങ്ങള്‍ കര്‍ത്താവില്‍ നിലനില്ക്കുന്നു എന്ന് അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.

9നമ്മുടെ ദൈവത്തിന്‍റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിനും തക്കതായി ദൈവത്തിന് എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?

10ഇനി നിങ്ങളുടെ മുഖം കാണ്‍മാനും നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്‍പര്യത്തോടെ പ്രാര്‍ഥിച്ചുപോരുന്നു.

11നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ.

12എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ധിപ്പിച്ചു കവിയുമാറാക്കുകയും

13ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.