പുതിയ നിയമംMOV
1സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നത് വ്യര്‍ഥമായില്ല എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.
2നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു.
3ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടെയോ വന്നതല്ല.
4ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തിനു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്.
5നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്‍റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
6ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ എന്ന അവസ്ഥയ്ക്കു ഘനത്തോടെയിരിപ്പാന്‍ കഴിവുണ്ടായിട്ടും ഞങ്ങള്‍ മനുഷ്യരോട്, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
7ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു.
8ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങള്‍ക്കു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാന്‍ ഒരുക്കമായിരുന്നു.
9സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങള്‍ ഓര്‍ക്കുന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.
10വിശ്വസിക്കുന്ന നിങ്ങളുടെ ഇടയില്‍ ഞങ്ങള്‍ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിനു നിങ്ങളും ദൈവവും സാക്ഷി.
11തന്‍റെ രാജ്യത്തിനും മഹത്ത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം
12ഞങ്ങള്‍ നിങ്ങളില്‍ ഓരോരുത്തനെ അപ്പന്‍ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.
13ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
14സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ.
15യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യര്‍ക്കും വിരോധികളും
16ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.
17സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്‍മാന്‍ ഏറ്റവും അധികം ശ്രമിച്ചു.
18അതുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞങ്ങള്‍, വിശേഷാല്‍ പൗലൊസായ ഞാന്‍, ഒന്നു രണ്ടു പ്രാവശ്യം വിചാരിച്ചു; എന്നാല്‍ സാത്താന്‍ ഞങ്ങളെ തടുത്തു.
19നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ?
20ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങള്‍തന്നെ.