പഴയ നിയമംMOV

1 ശമൂവേൽ 8

1ശമൂവേൽ വൃദ്ധനായപ്പോള്‍ തന്‍റെ പുത്ര ന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി.

2അവന്‍റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തവന് അബീയാവ് എന്നും പേര്‍. അവര്‍ ബേര്‍-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.

3അവന്‍റെ പുത്രന്മാര്‍ അവന്‍റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

4ആകയാൽ യിസ്രായേൽമൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമായിൽ ശമൂവേലിന്‍റെ അടുക്കൽ വന്ന്,

5അവനോട്: നീ വൃദ്ധനായിരിക്കുന്നു; നിന്‍റെ പുത്രന്മാര്‍ നിന്‍റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങള്‍ക്ക് ഒ രു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.

6ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവര്‍ പറഞ്ഞ കാര്യം ശമൂവേലിന് അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാര്‍ഥിച്ചു.

7യഹോവ ശമൂവേലിനോട് അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്ക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്.

8ഞാന്‍ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാള്‍മുതൽ ഇന്നുവരെ അവര്‍ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ട് എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.

9ആകയാൽ അവരുടെ അപേക്ഷ കേള്‍ക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ച് അവരെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം അവരോട് അറിയിക്കേണം.

10അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ച് പറഞ്ഞതെന്തെന്നാൽ:

11നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം ഇതായിരിക്കും: അവന്‍ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്‍റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേണ്ടിയും വരും.

12അവന്‍ അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്‍റെ നിലം കൃഷി ചെയ്‍വാനും തന്‍റെ വിള കൊയ്‍വാനും തന്‍റെ പടക്കോപ്പും തേര്‍ക്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.

13അവന്‍ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും.

14അവന്‍ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്ത് തന്‍റെ ഭൃത്യന്മാര്‍ക്കു കൊടുക്കും.

15അവന്‍ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്ത് തന്‍റെ ഷണ്ഡന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും കൊടുക്കും.

16അവന്‍ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ച് തന്‍റെ വേലയ്ക്ക് ആക്കും.

17അവന്‍ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങള്‍ അവനു ദാസന്മാരായിത്തീരും.

18നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്‍റെ നിമിത്തം നിങ്ങള്‍ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.

19എന്നാൽ ശമൂവേലിന്‍റെ വാക്കു കൈക്കൊള്‍വാന്‍ ജനത്തിനു മനസ്സില്ലാതെ: അല്ല, ഞങ്ങള്‍ക്ക് ഒരു രാജാവ് വേണം.

20മറ്റു സകല ജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കയും ഞങ്ങള്‍ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്ന് അവര്‍ പറഞ്ഞു.

21ശമൂവേൽ ജനത്തിന്‍റെ വാക്കെല്ലാം കേട്ട് യഹോവയോട് അറിയിച്ചു.

22യഹോവ ശമൂവേലിനോട്: അവരുടെ വാക്കു കേട്ട് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.