പഴയ നിയമംMOV

1 ശമൂവേൽ 5

1ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് അതിനെ ഏബെന്‍-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി.

2ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്‍റെ അരികെ വച്ചു.

3പിറ്റന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്‍റെ സ്ഥാനത്തു നിര്‍ത്തി.

4പിറ്റന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്‍റെ ഉടൽ മാത്രം ശേഷിച്ചിരുന്നു.

5അതുകൊണ്ടു ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്‍റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.

6എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.

7അങ്ങനെ ഭവിച്ചത് അസ്തോദ്യര്‍ കണ്ടിട്ട്: യിസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; അവന്‍റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്‍റെമേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

8അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുപോയി.

9അവര്‍ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.

10അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്‍റെ പെട്ടകം എക്രോനിൽ എത്തിയപ്പോള്‍ എക്രോന്യര്‍: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.

11അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്‍റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്‍റെ കൈ അവിടെയും അതിഭാരമായിരുന്നു.

12മരിക്കാതിരുന്നവര്‍ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.