പഴയ നിയമംMOV

1 ശമൂവേൽ 29

1എന്നാൽ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.

2അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരമായിരമായും കടന്നു; എന്നാൽ ദാവീദും അവന്‍റെ ആളുകളും പിന്‍പടയിൽ ആഖീശിനോടുകൂടെ കടന്നു.

3ഫെലിസ്ത്യപ്രഭുക്കന്മാര്‍: ഈ എബ്രായര്‍ എന്തിന് എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവന്‍ യിസ്രായേൽരാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാന്‍ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

4എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചു: നീ അവനു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയയ്ക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിനു പോരരുത്; യുദ്ധത്തിൽ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്‍റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?

5ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്ന് ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.

6എന്നാറെ ആഖീശ് ദാവീദിനെ വിളിച്ച് അവനോട്: യഹോവയാണ, നീ പരമാര്‍ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്‍റെ ഗമനാഗമനങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കൽ വന്ന നാള്‍മുതൽ ഇന്നുവരെയും ഞാന്‍ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാര്‍ക്ക് നിന്നെ ഇഷ്ടമല്ല.

7ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.

8ദാവീദ് ആഖീശിനോട്: എന്നാൽ ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരേ ഞാന്‍ ചെന്ന് പൊരുതിക്കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.

9ആഖീശ് ദാവീദിനോട്: എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍: അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുത് എന്നു പറഞ്ഞിരിക്കുന്നു.

10ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്‍റെ യജമാനന്‍റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.

11ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.