പഴയ നിയമംMOV
1ആ കാലത്ത് ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോട്: നീയും നിന്‍റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിനു പോരേണം എന്ന് അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.
2എന്നാറെ ദാവീദ് ആഖീശിനോട്: അടിയന്‍ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: അതുകൊണ്ട് ഞാന്‍ നിന്നെ എപ്പോഴും എന്‍റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
3എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ച് അവന്‍റെ സ്വന്തപട്ടണമായ രാമായിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
4എന്നാൽ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമിൽ പാളയമിറങ്ങി; ശൗലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമിറങ്ങി.
5ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട് അവന്‍റെ ഹൃദയം ഏറ്റവും വിറച്ചു.
6ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
7അപ്പോള്‍ ശൗൽ തന്‍റെ ഭൃത്യന്മാരോട്: എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍; ഞാന്‍ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്‍റെ ഭൃത്യന്മാര്‍ അവനോട്: ഏന്‍-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട് എന്നു പറഞ്ഞു.
8ശൗൽ വേഷം മാറി വേറേ വസ്ത്രം ധരിച്ച് രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്‍ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
9സ്ത്രീ അവനോട്: ശൗൽ ചെയ്തിട്ടുള്ളത്, അവന്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നെ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന്‍ നീ എന്‍റെ ജീവനു കെണി വയ്ക്കുന്നത് എന്തിന് എന്നു പറഞ്ഞു.
10യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു.
11ഞാന്‍ ആരെ വരുത്തിത്തരേണ്ടൂ എന്നു സ്ത്രീ ചോദിച്ചതിന്: ശമൂവേലിനെവരുത്തിത്തരേണം എന്ന് അവന്‍ പറഞ്ഞു.
12സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്‍ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട്: നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
13രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവന്‍ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു.
14അവന്‍ അവളോട്: അവന്‍റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവള്‍: ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്‍റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാന്‍ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാന്‍ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു.
16അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീര്‍ന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു?
17യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്‍ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്‍റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്‍റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.
18നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്‍റെമേൽ അവന്‍റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു.
19യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നാളെ നീയും നിന്‍റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും.
20പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്‍റെ വാക്കുകള്‍ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലം ഇല്ലാതെയായി; അന്നു രാവും പകലും മുഴുവന്‍ അവന്‍ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
21അപ്പോള്‍ ആ സ്ത്രീ ശൗലിന്‍റെ അടുക്കൽ വന്നു, അവന്‍ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയന്‍ നിന്‍റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ.
22ആകയാൽ അടിയന്‍റെ വാക്ക് നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്‍റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്‍റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
23അതിന് അവന്‍: വേണ്ടാ, ഞാന്‍ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്‍റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരുടെ വാക്കു കേട്ടു നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവള്‍ ക്ഷണത്തിൽ അതിനെ അറുത്ത് മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
25അവള്‍ അതു ശൗലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവര്‍ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.