പഴയ നിയമംMOV

1 ശമൂവേൽ 18

1അവന്‍ ശൗലിനോട് സംസാരിച്ചുതീര്‍ന്നപ്പോള്‍ യോനാഥാന്‍റെ മനസ്സു ദാവീദിന്‍റെ മനസ്സിനോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.

2ശൗൽ അന്ന് അവനെ ചേര്‍ത്തുകൊണ്ടു; അവന്‍റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍ പിന്നെ അനുവദിച്ചതുമില്ല.

3യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു.

4യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്‍റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു.

5ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സര്‍വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാര്‍ക്കും ബോധിച്ചു.

6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു.

7സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.

8അപ്പോള്‍ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവര്‍ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാന്‍ എന്തുള്ളൂ എന്ന് അവന്‍ പറഞ്ഞു.

9അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി.

10പിറ്റന്നാള്‍ ദൈവത്തിന്‍റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവന്‍ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്‍റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു.

11ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്‍റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.

12യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.

13അതുകൊണ്ട് ശൗൽ അവനെ തന്‍റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിനു നായകനായി പെരുമാറിപ്പോന്നു.

14ദാവീദ് തന്‍റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

15അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീര്‍ന്നു.

16എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.

17അനന്തരം ശൗൽ ദാവീദിനോട്: എന്‍റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്‍റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്‍റെമേൽ വീഴുവാന്‍ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.

18ദാവീദ് ശൗലിനോട്: രാജാവിന്‍റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലിൽ എന്‍റെ അസ്മാദികളും എന്‍റെ പിതൃഭവനവും എന്തുള്ളൂ എന്നു പറഞ്ഞു.

19ശൗലിന്‍റെ മകളായ മേരബിനെ ദാവീദിനു കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു ഭാര്യയായി കൊടുത്തു.

20ശൗലിന്‍റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി.

21അവള്‍ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈ അവന്‍റെമേൽ വീഴേണ്ടതിനും ഞാന്‍ അവളെ അവനു കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.

22പിന്നെ ശൗൽ തന്‍റെ ഭൃത്യന്മാരോട്: നിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ച്: ഇതാ, രാജാവിനു നിന്നെ പ്രിയമാകുന്നു; അവന്‍റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്‍റെ മരുമകനായിത്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.

23ശൗലിന്‍റെ ഭൃത്യന്മാര്‍ ആ വാക്ക് ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്‍റെ മരുമകനാകുന്നത് അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.

24ശൗലിന്‍റെ ഭൃത്യന്മാര്‍: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.

25അതിന് ശൗൽ: രാജാവിന്‍റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറ് അഗ്രചര്‍മമല്ലാതെ രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴുമാറാക്കേണമെന്ന് ശൗൽ കരുതിയിരുന്നു.

26ഭൃത്യന്മാര്‍ ദാവീദിനോട് ഈ വാക്ക് അറിയിച്ചപ്പോള്‍ രാജാവിന്‍റെ മരുമകനാകുവാന്‍ ദാവീദിനു സന്തോഷമായി;

27അവധി കഴിയുന്നതിനു മുമ്പേ ദാവീദും അവന്‍റെ ആളുകളും പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മം കൊണ്ടുവന്ന് താന്‍ രാജാവിന്‍റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു. ശൗൽ തന്‍റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.

28യഹോവ ദാവീദിനോടുകൂടെയുണ്ടെന്നും തന്‍റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോള്‍,

29ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്‍റെ നിത്യശത്രുവായിത്തീര്‍ന്നു.

30എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിനു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്‍റെ സകല ഭൃത്യന്മാരെക്കാളും കൃതാര്‍ഥനായിരുന്നു; അവന്‍റെ പേര്‍ വിശ്രുതമായിത്തീര്‍ന്നു.