പഴയ നിയമംMOV

1 ശമൂവേൽ 17

1അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവര്‍ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.

2ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി;

3ഫെലിസ്ത്യര്‍ ഇപ്പുറത്ത് ഒരുമലഞ്ചരിവിലും യിസ്രായേല്യര്‍ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

4അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.

5അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.

6അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.

7അവന്‍റെ കുന്തത്തിന്‍റെ തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്‍റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്‍റെ മുമ്പേ നടന്നു.

8അവന്‍ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങള്‍ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൗലിന്‍റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍; അവന്‍ എന്‍റെ അടുക്കൽ ഇറങ്ങിവരട്ടെ.

9അവന്‍ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാന്‍ പ്രാപ്തനായാൽ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാൽ നിങ്ങള്‍ ഞങ്ങള്‍ക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.

10ഫെലിസ്ത്യന്‍ പിന്നെയും: ഞാന്‍ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിന്‍ എന്നു പറഞ്ഞു.

11ഫെലിസ്ത്യന്‍റെ ഈ വാക്കുകള്‍ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.

12എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്‍റെ മകന്‍ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൗലിന്‍റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു.

13യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ട് ശൗലിന്‍റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ എലീയാബും അവന്‍റെ അനുജന്‍ അബീനാദാബും മൂന്നാമത്തവന്‍ ശമ്മയും ആയിരുന്നു.

14ദാവീദോ എല്ലാവരിലും ഇളയവന്‍; മൂത്തവര്‍ മൂവരും ശൗലിന്‍റെ കൂടെ പോയിരുന്നു.

15ദാവീദ് ശൗലിന്‍റെ അടുക്കൽനിന്ന് തന്‍റെ അപ്പന്‍റെ ആടുകളെ മേയിപ്പാന്‍ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു.

16ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.

17യിശ്ശായി തന്‍റെ മകനായ ദാവീദിനോടു പറഞ്ഞത്: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്‍റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.

18ഈ പാൽക്കട്ട പത്തും സഹസ്രാധിപനു കൊടുക്ക; നിന്‍റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ച് ലക്ഷ്യവും വാങ്ങിവരിക.

19ശൗലും അവരും യിസ്രായേല്യരൊക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ട്.

20അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവൽക്കാരന്‍റെ പക്കൽ വിട്ടേച്ച്, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്ന് കൈനിലയിൽ എത്തിയപ്പോള്‍ സൈന്യം പടയ്ക്ക് ആര്‍ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.

21യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുനേരേ അണിനിരന്നുനിന്നു.

22ദാവീദ് തന്‍റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്‍റെ പക്കൽ ഏല്പിച്ചുംവച്ച് അണിയിൽ ഓടിച്ചെന്ന് തന്‍റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

23അവന്‍ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള്‍ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്ന് മുമ്പിലത്തെ വാക്കുകള്‍തന്നെ പറയുന്നതു ദാവീദ് കേട്ടു.

24അവനെ കണ്ടപ്പോള്‍ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്‍റെ മുമ്പിൽനിന്ന് ഓടി.

25എന്നാറെ യിസ്രായേല്യര്‍: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്‍റെ മകളെ അവനു കൊടുക്കുകയും അവന്‍റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.

26അപ്പോള്‍ ദാവീദ് തന്‍റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.

27അതിനു ജനം: അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു.

28അവരോട് അവന്‍ സംസാരിക്കുന്നത് അവന്‍റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്‍മാനല്ലേ നീ വന്നത് എന്നു പറഞ്ഞു.

29അതിന് ദാവീദ്: ഞാന്‍ ഇപ്പോള്‍ എന്തു ചെയ്തു? ഒ രു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു.

30അവന്‍ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.

31ദാവീദ് പറഞ്ഞ വാക്കുകള്‍ പരസ്യമായപ്പോള്‍ ശൗലിനും അറിവുകിട്ടി; അവന്‍ അവനെ വിളിച്ചുവരുത്തി.

32ദാവീദ് ശൗലിനോട്: ഇവന്‍റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു.

33ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.

34ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയന്‍ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിന്‍കുട്ടിയെ പിടിച്ചു.

35ഞാന്‍ പിന്തുടര്‍ന്ന് അതിനെ അടിച്ച് അതിന്‍റെ വായിൽനിന്ന് ആട്ടിന്‍കുട്ടിയെ വിടുവിച്ചു, അത് എന്‍റെ നേരേ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു.

36ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.

37ദാവീദ് പിന്നെയും: സിംഹത്തിന്‍റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്‍റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.

38ശൗൽ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്‍റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്‍റെ കവചവും അവനെ ഇടുവിച്ചു.

39പടയങ്കിമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാന്‍ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു.

40പിന്നെ അവന്‍ തന്‍റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.

41ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പേ നടന്നു.

42ഫെലിസ്ത്യന്‍ നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.

43ഫെലിസ്ത്യന്‍ ദാവീദിനോട്: നീ വടികളുമായി എന്‍റെ നേരേ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.

44ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു.

45ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്‍റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരേ വരുന്നു.

46യഹോവ ഇന്നു നിന്നെ എന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സര്‍വഭൂമിയും അറിയും.

47യഹോവ വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവന്‍ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.

48പിന്നെ ഫെലിസ്ത്യന്‍ ദാവീദിനോട് എതിര്‍പ്പാന്‍ നേരിട്ടടുത്തപ്പോള്‍ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിര്‍പ്പാന്‍ അണിക്കു നേരേ ഓടി.

49ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്‍റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്‍റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവന്‍ കവിണ്ണുവീണു.

50ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്‍റെ കൈയിൽ വാള്‍ ഇല്ലായിരുന്നു.

51ആകയാൽ ദാവീദ് ഓടിച്ചെന്ന് ഫെലിസ്ത്യന്‍റെ പുറത്തു കയറിനിന്ന് അവന്‍റെ വാള്‍ ഉറയിൽനിന്നും ഊരിയെടുത്ത് അവനെ കൊന്നു, അവന്‍റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ട് ഓടിപ്പോയി.

52യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആര്‍ത്തുംകൊണ്ട് ഗത്തും എക്രോന്‍വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.

53ഇങ്ങനെ യിസ്രായേൽമക്കള്‍ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.

54എന്നാൽ ദാവീദ് ഫെലിസ്ത്യന്‍റെ തല എടുത്ത് അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്‍റെ ആയുധവര്‍ഗമോ തന്‍റെ കൂടാരത്തിൽ സൂക്ഷിച്ചുവച്ചു.

55ദാവീദ് ഫെലിസ്ത്യന്‍റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന് അബ്നേര്‍: രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.

56ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു നീ അന്വേഷിക്കേണം എന്നു രാജാവ് കല്പിച്ചു.

57ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍ അബ്നേര്‍ അവനെ കൂട്ടി ശൗലിന്‍റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്‍റെ തലയും അവന്‍റെ കൈയിൽ ഉണ്ടായിരുന്നു.

58ശൗൽ അവനോട്: ബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്‍ലഹേമ്യനായ നിന്‍റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.