പഴയ നിയമംMOV
1ശൗൽ രാജാവായപ്പോള്‍ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
2ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേര്‍ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേര്‍ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍ അവനവന്‍റെ വീട്ടിലേക്കു പറഞ്ഞയച്ചു.
3പിന്നെ യോനാഥാന്‍ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതു കേട്ടു. എബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
4ശൗൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യര്‍ക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്‍റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.
5എന്നാൽ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.
6എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങള്‍ വിഷമത്തിലായി എന്ന് യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.
7എബ്രായര്‍ യോര്‍ദ്ദാന്‍ കടന്ന് ഗാദ്ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്‍റെ പിന്നാലെ ചെന്നു.
8ശമൂവേൽ നിശ്ചയിച്ചിരുന്ന അവധി അനുസരിച്ച് അവന്‍ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
9അപ്പോള്‍ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു; അവന്‍തന്നെ ഹോമയാഗം കഴിച്ചു.
10ഹോമയാഗം കഴിച്ചുതീര്‍ന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാന്‍ എതിരേറ്റുചെന്നു.
11നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യര്‍ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാന്‍ കണ്ടിട്ട്:
12ഫെലിസ്ത്യര്‍ ഇപ്പോള്‍ ഇങ്ങ് ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാന്‍ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവച്ച് ഞാന്‍ ധൈര്യപ്പെട്ട് ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
13ശമൂവേൽ ശൗലിനോടു പറഞ്ഞത്: നീ ചെയ്തത് ഭോഷത്തം; നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്‍റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
14ഇപ്പോഴോ നിന്‍റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്‍റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു.
15പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍ എന്നു കണ്ടു.
16ശൗലും അവന്‍റെ മകന്‍ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാര്‍ത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
17ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവര്‍ച്ചക്കാര്‍ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രയ്ക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;
18മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള ദേശം വഴിയായും തിരിഞ്ഞു.
19എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്‍മാനില്ലായിരുന്നു; എബ്രായര്‍ വാളോ കുന്തമോ തീര്‍പ്പിക്കരുത് എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
20യിസ്രായേല്യര്‍ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടി എന്നിവ കാച്ചിപ്പാന്‍ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
21എന്നാൽ മണ്‍വെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂര്‍പ്പിപ്പാനും അവര്‍ക്ക് അരം ഉണ്ടായിരുന്നു.
22ആകയാൽ യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തനും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്‍റെ മകന്‍ യോനാഥാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
23ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.