പഴയ നിയമംMOV
1അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികള്‍ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
2അമ്മോന്യനായ നാഹാശ് അവരോട്: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.
3യാബേശിലെ മൂപ്പന്മാര്‍ അവനോട്: ഞങ്ങള്‍ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലങ്കിൽ ഞങ്ങള്‍ നിന്‍റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.
4ദൂതന്മാര്‍ ശൗലിന്‍റെ ഗിബെയയിൽ ചെന്ന് ആ വര്‍ത്തമാനം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.
5അപ്പോള്‍ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.
6ശൗൽ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ ശക്തിയോടെ വന്നു; അവന്‍റെ കോപം ഏറ്റവും ജ്വലിച്ചു.
7അവന്‍ ഒരേര്‍ കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്‍റെയും ശമൂവേലിന്‍റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്‍റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.
8അവന്‍ ബേസെക്കിൽവച്ച് അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.
9വന്ന ദൂതന്മാരോട് അവര്‍: നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോട്: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.
10പിന്നെ യാബേശ്യര്‍: നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.
11പിറ്റന്നാള്‍ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തിൽ പാളയത്തിന്‍റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.
12അനന്തരം ജനം ശമൂവേലിനോട്: ശൗൽ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞത് ആര്‍? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.
13അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
14പിന്നെ ശമൂവേൽ ജനത്തോട്: വരുവിന്‍; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ച് രാജത്വം പുതുക്കുക എന്നു പറഞ്ഞു.
15അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവര്‍ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.