പഴയ നിയമംMOV

1 രാജാക്കന്മാര്‍ 6

1യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ടതിന്‍റെ നാനൂറ്റിഎണ്‍പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ്മാസത്തിൽ അവന്‍ യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.

2ശലോമോന്‍രാജാവ് യഹോവയ്ക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.

3ആലയമായ മന്ദിരത്തിന്‍റെ മുഖമണ്ഡപം ആലയവീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്‍റെ മുന്‍വശത്ത് പത്തു മുഴം വീതിയും ഉള്ളതായിരുന്നു.

4അവന്‍ ആലയത്തിന് ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.

5മന്ദിരവും അന്തര്‍മന്ദിരവും കൂടിയ ആലയത്തിന്‍റെ ചുവരിനോടു ചേര്‍ത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.

6താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേത് ആറു മുഴവും മൂന്നാമത്തേത് ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്‍റെ ചുറ്റും പുറമേ ഗളം പണിതു.

7വെട്ടുകുഴിയിൽവച്ചുതന്നെ കുറവു തീര്‍ത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരുമ്പായുധത്തിന്‍റെയും ഒച്ച ആലയത്തിങ്കൽ കേള്‍പ്പാനില്ലായിരുന്നു.

8താഴത്തെ പുറവാരത്തിന്‍റെ വാതിൽ ആലയത്തിന്‍റെ വലത്തുഭാഗത്ത് ആയിരുന്നു; ചുഴൽകോവണിയിൽക്കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം. അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു;

9ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയും കൊണ്ട് ആലയത്തിനു മച്ചിട്ടു.

10ആലയത്തിന്‍റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചുമുഴം ഉയരത്തിൽ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ട് ആലയത്തോട് ഇണച്ചു.

11ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്‍റെ ചട്ടങ്ങളെ ആചരിച്ച് എന്‍റെ വിധികളെ അനുസരിച്ച് എന്‍റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവര്‍ത്തിക്കും.

13ഞാന്‍ യിസ്രായേൽമക്കളുടെ മധ്യേ വസിക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.

14അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.

15അവന്‍ ആലയത്തിന്‍റെ ചുവര്‍, അകത്തെ വശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവര്‍ ആലയത്തിന്‍റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറച്ചു; ആലയത്തിന്‍റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.

16ആലയത്തിന്‍റെ പിന്‍വശം ഇരുപതു മുഴം നീളത്തിൽ നിലംമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെയാകുന്നു അന്തര്‍മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്‍റെ ഉള്‍വശം പണിതത്.

17അന്തര്‍മന്ദിരത്തിന്‍റെ മുന്‍ഭാഗത്തുള്ള മന്ദിരമായ ആലയത്തിന് നാല്പതു മുഴം നീളമുണ്ടായിരുന്നു.

18ആലയത്തിന്‍റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം കാണ്‍മാനുണ്ടായിരുന്നില്ല.

19ആലയത്തിന്‍റെ അകത്ത് യഹോവയുടെ നിയമപെട്ടകം വയ്ക്കേണ്ടതിന് അവന്‍ ഒരു അന്തര്‍മന്ദിരം ചമച്ചു.

20അന്തര്‍മന്ദിരത്തിന്‍റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അത് തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.

21ആലയത്തിന്‍റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മന്ദിരത്തിന്‍റെ മുന്‍വശത്ത് വിലങ്ങത്തിൽ പൊന്‍ചങ്ങല കൊളുത്തി അന്തര്‍മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.

22അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മന്ദിരത്തിനുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.

23അന്തര്‍മന്ദിരത്തിൽ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.

24ഒരു കെരൂബിന്‍റെ ഒരു ചിറക് അഞ്ചു മുഴം, കെരൂബിന്‍റെ മറ്റേ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്‍റെ അറ്റംമുതൽ മറ്റേ ചിറകിന്‍റെ അറ്റംവരെ പത്തു മുഴം.

25മറ്റേ കെരൂബിനും പത്തു മുഴം; കെരൂബ് രണ്ടിനും അളവും ആകൃതിയും ഒന്നുതന്നെ.

26ഒരു കെരൂബിന്‍റെ ഉയരം പത്തു മുഴം; മറ്റേ കെരൂബിനും അങ്ങനെതന്നെ.

27അവന്‍ കെരൂബുകളെ അന്തരാലയത്തിന്‍റെ നടുവിൽ നിറുത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്‍റെ ചിറക് ഒരു ചുവരോടും മറ്റേതിന്‍റെ ചിറക് മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്‍റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു.

28കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.

29അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.

30അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.

31അവന്‍ അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; കുറുമ്പടിയും കട്ടിളക്കാലും ചുവരിന്‍റെ അഞ്ചിൽ ഒരു അംശമായിരുന്നു.

32ഒലിവുമരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് പൊതിഞ്ഞു.

33അവ്വണ്ണംതന്നെ അവന്‍ മന്ദിരത്തിന്‍റെ വാതിലിനും ഒലിവുമരംകൊണ്ടു കട്ടിള ഉണ്ടാക്കി; അതു ചുവരിന്‍റെ നാലിൽ ഒരംശമായിരുന്നു.

34അതിന്‍റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിനു രണ്ടു മടക്കുപാളിയും മറ്റേ കതകിനു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.

35അവന്‍ അവയിൽ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.

36അവന്‍ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ട് ഒരു വരിയുമായിട്ടു പണിതു.

37നാലാം ആണ്ടു സീവ്മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും

38പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്‍റെ സകല ഭാഗങ്ങളുമായി അതിന്‍റെ മാതൃകപ്രകാരമൊക്കെയും പണിതു തീര്‍ക്കുകയും ചെയ്തു. അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ട് അതു പണിതുതീര്‍ത്തു.