പഴയ നിയമംMOV

1 രാജാക്കന്മാര്‍ 5

1ശലോമോനെ അവന്‍റെ അപ്പനു പകരം രാജാവായിട്ട് അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ട് ഭൃത്യന്മാരെ അവന്‍റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു.

2ശലോമോന്‍ ഹീരാമിന്‍റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ:

3എന്‍റെ അപ്പനായ ദാവീദിന്‍റെ ശത്രുക്കളെ യഹോവ അവന്‍റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാന്‍ അവനു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

4എന്നാൽ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്‍റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.

5ആകയാൽ ഇതാ, ഞാന്‍ നിനക്കു പകരം നിന്‍റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്‍റെ മകന്‍ എന്‍റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിവാന്‍ ഞാന്‍ വിചാരിക്കുന്നു.

6ആകയാൽ ലെബാനോനിൽനിന്ന് എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്‍റെ വേലക്കാര്‍ നിന്‍റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്‍റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

7ഹീരാം ശലോമോന്‍റെ വാക്കു കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാന്‍ ദാവീദിനു ജ്ഞാനമുള്ളൊരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

8ഹീരാം ശലോമോന്‍റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തിൽ നീ ഇച്ഛിച്ചതൊക്കെയും ഞാന്‍ ചെയ്യാം.

9എന്‍റെ വേലക്കാര്‍ ലെബാനോനിൽനിന്നു കടലിലേക്ക് അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ച് കെട്ടഴിപ്പിച്ചു തരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്‍റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്‍റെ ഇഷ്ടവും നിവര്‍ത്തിക്കേണം.

10അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്‍റെ ഇഷ്ടംപോലെയൊക്കെയും കൊടുത്തുപോന്നു.

11ശലോമോന്‍ ഹീരാമിന്‍റെ ഗൃഹത്തിലേക്ക് ആഹാരം വകയ്ക്ക് ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന് ആണ്ടുതോറും കൊടുക്കും.

12യഹോവ ശലോമോനോട് അരുളിച്ചെയ്തതുപോലെ അവനു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവര്‍ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.

13ശലോമോന്‍രാജാവ് യിസ്രായേലിൽ നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാര്‍ മുപ്പതിനായിരം പേരായിരുന്നു.

14അവന്‍ അവരെ മാസംതോറും പതിനായിരം പേര്‍ വീതം മാറിമാറി ലെബാനോനിലേക്ക് അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടു മാസം വീട്ടിലും ആയിരുന്നു. അദോനീരാം ഊഴിയവേലക്കാര്‍ക്കു മേധാവി ആയിരുന്നു.

15വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാന കാര്യക്കാരന്മാരൊഴികെ

16ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്‍പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.

17ആലയത്തിന് ചെത്തിയ കല്ലുകൊണ്ട് അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയ കല്ലു വെട്ടി.

18ശലോമോന്‍റെ ശില്പികളും ഹീരാമിന്‍റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തിയൊരുക്കി.