പഴയ നിയമംMOV
1അനന്തരം ശലോമോന്‍ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്‍റെ മകളെ വിവാഹം ചെയ്തു; തന്‍റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്‍റെ നഗരത്തിൽ കൊണ്ടുവന്നു പാര്‍പ്പിച്ചു.
2എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു.
3ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്‍റെ അപ്പനായ ദാവീദിന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവന്‍ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
4രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാന്‍ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോന്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു.
5ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.
6അതിനു ശലോമോന്‍ പറഞ്ഞത് എന്തെന്നാൽ: എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ഥതയോടുംകൂടെ നിന്‍റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു.
7എന്‍റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള്‍ എന്‍റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള്‍ നടത്തുവാന്‍ എനിക്കറിവില്ല.
8നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്‍റെ ജനത്തിന്‍റെ മധ്യേ അടിയന്‍ ഇരിക്കുന്നു.
9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്‍റെ ജനത്തിനു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്‍റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കു കഴിയും.
10ശലോമോന്‍ ഈ കാര്യം ചോദിച്ചത് കര്‍ത്താവിനു പ്രസാദമായി.
11ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട്
12ഞാന്‍ നിന്‍റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്‍റെ ശേഷം ഉണ്ടാകയും ഇല്ല.
13ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്‍റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
14നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്‍റെ വഴികളിൽ നടന്നാൽ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.
15ശലോമോന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവന്‍ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പാകെ നിന്നു ഹോമയാഗങ്ങള്‍ കഴിച്ച് സമാധാനയാഗങ്ങളും അര്‍പ്പിച്ചു തന്‍റെ സകല ഭൃത്യന്മാര്‍ക്കും വിരുന്നു കഴിച്ചു.
16അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള്‍ രാജാവിന്‍റെ അടുക്കൽ വന്ന് അവന്‍റെ മുമ്പാകെ നിന്നു.
17അവരിൽ ഒരുത്തി പറഞ്ഞത്: തമ്പുരാനേ, അടിയനും ഇവളും ഒരു വീട്ടിൽ പാര്‍ക്കുന്നു; ഞങ്ങള്‍ പാര്‍ക്കുന്ന വീട്ടിൽവച്ച് ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18ഞാന്‍ പ്രസവിച്ചതിന്‍റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഞങ്ങള്‍ രണ്ടു പേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
19എന്നാൽ രാത്രി ഇവള്‍ തന്‍റെ മകന്‍റെമേൽ കിടന്നുപോയതുകൊണ്ട് അവന്‍ മരിച്ചുപോയി.
20അവള്‍ അര്‍ധരാത്രി എഴുന്നേറ്റു, അടിയന്‍ ഉറങ്ങുന്ന സമയം, അടിയന്‍റെ അരികെനിന്ന് അടിയന്‍റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്‍റെ പള്ളയ്ക്കലും കിടത്തി.
21രാവിലെ കുഞ്ഞിനു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അത് അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.
22അതിനു മറ്റേ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളത് എന്‍റെ കുഞ്ഞ്; മരിച്ചതു നിന്‍റെ കുഞ്ഞ് എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്‍റെ കുഞ്ഞ്; ജീവനുള്ളത് എന്‍റെ കുഞ്ഞ് എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ രാജാവിന്‍റെ മുമ്പാകെ തമ്മിൽ വാദിച്ചു.
23അപ്പോള്‍ രാജാവ് കല്പിച്ചത്: ജീവനുള്ളത് എന്‍റെ കുഞ്ഞ്; മരിച്ചതു നിന്‍റെ കുഞ്ഞ് എന്ന് ഇവള്‍ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്‍റെ കുഞ്ഞ്; ജീവനുള്ളത് എന്‍റെ കുഞ്ഞ് എന്നു മറ്റേവള്‍ പറയുന്നു.
24ഒരു വാള്‍ കൊണ്ടുവരുവിന്‍ എന്നു രാജാവ് കല്പിച്ചു. അവര്‍ ഒരു വാള്‍ രാജസന്നിധിയിൽ കൊണ്ടുവന്നു.
25അപ്പോള്‍ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്‍ക്കും കൊടുപ്പിന്‍ എന്നു കല്പിച്ചു.
26ഉടനെ ജീവനുള്ള കുഞ്ഞിന്‍റെ അമ്മ തന്‍റെ കുഞ്ഞിനെക്കുറിച്ച് ഉള്ളു കത്തുകകൊണ്ട് രാജാവിനോട്: അയ്യോ! എന്‍റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.
27അപ്പോള്‍ രാജാവ്: ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അവള്‍ക്കു കൊടുപ്പിന്‍; അവള്‍ തന്നെ അതിന്‍റെ തള്ള എന്നു കല്പിച്ചു.
28രാജാവ് കല്പിച്ച വിധി യിസ്രായേലൊക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്‍റെ ജ്ഞാനം രാജാവിന്‍റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു.