പുതിയ നിയമംMOV

1 യോഹന്നാന്‍ 2

1എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ട്.

2അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്‍റെ പാപത്തിനുംതന്നെ.

3അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയുന്നു.

4അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല.

5എന്നാല്‍ ആരെങ്കിലും അവന്‍റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.

6അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.

7പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനംതന്നെ.

8പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.

9വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവന്‍ ഇന്നയോളം ഇരുട്ടില്‍ ഇരിക്കുന്നു.

10സഹോദരനെ സ്നേഹിക്കുന്നവന്‍ വെളിച്ചത്തില്‍ വസിക്കുന്നു; ഇടര്‍ച്ചയ്ക്ക് അവനില്‍ കാരണമില്ല.

11സഹോദരനെ പകയ്ക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്‍റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്ന് അവന്‍ അറിയുന്നില്ല.

12കുഞ്ഞുങ്ങളേ, നിങ്ങള്‍ക്ക് അവന്‍റെ നാമംനിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.

13പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ നിങ്ങള്‍ക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാല്‍ നിങ്ങള്‍ക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.

14പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.

15ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നു എങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹം ഇല്ല.

16ജഡമോഹം, കണ്‍മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.

17ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.

18കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം.

19അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല; അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു; എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

20നിങ്ങളോ പരിശുദ്ധനാല്‍ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.

21നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നത്.

22യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍തന്നെ എതിര്‍ക്രിസ്തു ആകുന്നു.

23പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.

24നിങ്ങള്‍ ആദിമുതല്‍ കേട്ടത് നിങ്ങളില്‍ വസിക്കട്ടെ. ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും വസിക്കും.

25ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവന്‍ തന്നെ.

26നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.

27അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്‍റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യംതന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍.

28ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്‍റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനില്‍ വസിപ്പിന്‍.

29അവന്‍ നീതിമാന്‍ എന്നു നിങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു എങ്കില്‍ നീതി ചെയ്യുന്നവനൊക്കെയും അവനില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.