പുതിയ നിയമംMOV

1 യോഹന്നാന്‍ 1

1ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു-

2ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു-

3ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

4നമ്മുടെ സന്തോഷം പൂര്‍ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നു.

5ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.

6അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷ്കു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.

7അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്; അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

8നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.

9നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

10നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്‍റെ വചനം നമ്മില്‍ ഇല്ലാതെയായി.