പുതിയ നിയമംMOV
1ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?
2മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്ക് ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ.
3എന്നെ വിധിക്കുന്നവരോടു ഞാന്‍ പറയുന്ന പ്രതിവാദം ഇതാകുന്നു.
4തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്ക് അധികാരമില്ലയോ?
5ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലയോ?
6അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?
7സ്വന്തചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍? ആട്ടിന്‍കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്‍റെ പാല്‍കൊണ്ട് ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍?
8ഞാന്‍ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
9“മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത്” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്കുവേണ്ടിയോ ചിന്തിക്കുന്നത്?
10അല്ല, കേവലം നമുക്കുവേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കുവേണ്ടി എഴുതിയിരിക്കുന്നതത്രേ.
11ഞങ്ങള്‍ ആത്മികമായതു നിങ്ങള്‍ക്കു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്യമോ?
12മറ്റുള്ളവര്‍ക്കു നിങ്ങളുടെമേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.
13ദൈവാലയകര്‍മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?
14അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
15എങ്കിലും ഇത് ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നു വച്ചു ഞാന്‍ ഇത് എഴുതുന്നതും അല്ല; ആരെങ്കിലും എന്‍റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നെ എനിക്കു നല്ലത്.
16ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബന്ധം എന്‍റെമേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം!
17ഞാന്‍ അതു മനഃപൂര്‍വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂര്‍വമല്ലെങ്കിലും കാര്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.
18എന്നാല്‍ എന്‍റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവു കൂടാതെ നടത്തുന്നതുതന്നെ.
19ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികം പേരെ നേടേണ്ടതിനു ഞാന്‍ എന്നെത്തന്നെ എല്ലാവര്‍ക്കും ദാസനാക്കി.
20യെഹൂദന്മാരെ നേടേണ്ടതിനു ഞാന്‍ യെഹൂദന്മാര്‍ക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍കീഴുള്ളവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണത്തിന്‍കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കു ന്യായപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
21ദൈവത്തിനു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിനു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
22ബലഹീനന്മാരെ നേടേണ്ടതിനു ഞാന്‍ ബലഹീനര്‍ക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.
23സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിനു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
24ഓട്ടക്കളത്തില്‍ ഓടുന്നവര്‍ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്‍ തക്കവണ്ണം ഓടുവിന്‍.
25അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വര്‍ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ.
26ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നത്.
27മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.