പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 8

1വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവ് ഉണ്ട് എന്നു നമുക്ക് അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ധന വരുത്തുന്നു.

2താന്‍ വല്ലതും അറിയുന്നു എന്ന് ഒരുത്തനു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.

3ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

4വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ.

5എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും

6പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവന്‍ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകര്‍ത്താവും നമുക്ക് ഉണ്ട്; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.

7എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവച്ചു തിന്നുന്നു;

8അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.

9എന്നാല്‍ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാര്‍ക്കു യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍.

10അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിനിരിക്കുന്നത് ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്‍റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറയ്ക്കയില്ലയോ?

11ആര്‍ക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്‍റെ അറിവിനാല്‍ നശിച്ചുപോകുന്നു.

12ഇങ്ങനെ സഹോദരന്മാരുടെ നേരേ പാപം ചെയ്ത്, അവരുടെ ബലഹീനമനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.

13ആകയാല്‍ ആഹാരം എന്‍റെ സഹോദരന് ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്‍റെ സഹോദരന് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.