പുതിയ നിയമംMOV

1 കൊരിന്ത്യര്‍ 5

1നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പ് ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്‍റെ അപ്പന്‍റെ ഭാര്യയെ വച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പുതന്നെ.

2എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.

3ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മധ്യേ ഇരിക്കുന്നവനായിതന്നെ, ഈ ദുഷ്കര്‍മം ചെയ്തവനെക്കുറിച്ച്:

4നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവനെ,

5ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിനു ജഡസംഹാരത്തിനായി സാത്താന് ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

6നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്ന് അറിയുന്നില്ലയോ?

7നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളവിന്‍. നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ.

8ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നെ ഉത്സവം ആചരിക്ക.

9ദുര്‍ന്നടപ്പുകാരോടു സംസര്‍ഗം അരുത് എന്നു ഞാന്‍ എന്‍റെ ലേഖനത്തില്‍ നിങ്ങള്‍ക്ക് എഴുതീട്ടുണ്ടല്ലോ.

10അത് ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.

11എന്നാല്‍ സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവന്‍ ദുര്‍ന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കില്‍ അവനോടു സംസര്‍ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത്.

12പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്ക് എന്തു കാര്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

13ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍.